തിരുവനന്തപുരം- പാറശാലയിൽ ഷാരോൺ എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരിച്ച ഷാരോണിന് പെൺകുട്ടി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതിയായ പെൺകുട്ടി ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പെൺകുട്ടി അന്വേഷണ സംഘത്തോട് സമ്മതിച്ചു. മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി പെൺകുട്ടി വിഷം നൽകുകയായിരുന്നുവെന്നാണ് യുവതി സമ്മതിച്ചത്. കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. ഡിവൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിൽ പാറശാല എസ്.എച്ച്.ഒ, എസ്.ഐ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. റൂറൽ എസ്.പി ശിൽപ ദേവയ്യയും എ.എസ്.പി സുൽഫിക്കറും മേൽനോട്ടം വഹിച്ചുള്ള അന്വേഷണം ഒരു ദിവസം കൊണ്ടു തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ലഭിച്ചാലേ മരണകാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഇത് വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതായും ഷാരോണിന്റെ മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കൽ സംഘം രൂപീകരിക്കുമെന്നും ശിൽപ ദേവയ്യ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 14ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ പോയ ഷാരോൺ അവിടെനിന്ന് കഷായവും ശീതളപാനീയവും കുടിച്ചിരുന്നു. അതിനുശേഷം ഷാരോണിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും 11 ദിവസത്തെ ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിക്കുകയുമായിരുന്നു.
ഷാരോണിനെ മനഃപൂർവമായി അപായപ്പെടുത്തിയതാണോ എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും വിഷപദാർത്ഥങ്ങൾ ഉള്ളിൽ പോയിട്ടുണ്ടോ എന്നതടക്കമുള്ളവ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടുകൂടി കണ്ടെത്താനാണ് ശ്രമം. തമിഴ്‌നാട്ടിൽ ശീതള പാനീയം കുടിച്ച് സ്‌കൂൾ വിദ്യാർത്ഥി സമാന രീതിയിൽ ഏതാനും ദിവസം മുമ്പ് മരിച്ചിരുന്നു. ആ സംഭവത്തിന്റെ സാമ്യതയും പരിശോധിക്കും.
മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിട്ടാണ് ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. 14 ന് പാറശാല ആശുപത്രിയിൽ ചികിത്സ തേടി. 15 ന് തൊണ്ടവേദനയ്ക്ക് ചികിത്സ തേടി വലിയതുറ ആശുപത്രിയിലെത്തി. 16 ന് തലസ്ഥാനത്തെ ഫോർട്ട് ആശുപത്രിയിലെ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റിനെയും കണ്ടു. അടുത്ത ദിവസമാണ് മെഡിക്കൽ കോളേജിലെത്തിയത്. ഈ ആശുപത്രികളിലൊന്നും കഷായം കുടിച്ച കാര്യം ഷാരോൺ പറഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ച കാര്യം 19 ന് ഡോക്ടറോട് പറഞ്ഞത്. 20നാണ് ഷാരോണിന്റെ ആരോഗ്യനില സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. അപ്പോൾ തന്നെ പോലീസ് മജിസ്‌ട്രേട്ടിനെ വിവരമറിയിച്ചു. മജിസ്‌ട്രേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. 21ന് പാറശാല പോലീസും ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി. കഷായം കുടിച്ചതായി പറഞ്ഞെങ്കിലും മറ്റൊരു സംശയവും ഇല്ലെന്നാണ് ഷാരോൺ പറഞ്ഞത്. സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോൺ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്.
പെൺസുഹൃത്തിനെ സംശയിക്കുന്നില്ലെന്ന്
ഷാരോണിന്റെ മരണമൊഴി
തിരുവനന്തപുരം- ഷാരോണിനെ പെൺസുഹൃത്തിന്റെ കുടുംബം വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ കുടുംബം ആരോപിക്കുമ്പോഴും തനിക്ക് അങ്ങനെയൊരു സംശയമില്ലെന്നായിരുന്നു മരണമൊഴിയിലും ഷാരോൺ പറഞ്ഞത്. പെൺകുട്ടിയുടെ വീട്ടിൽനിന്ന് കഷായവും മാംഗോ ജ്യൂസും കഴിച്ചതായി ഷാരോൺ പറയുന്നുണ്ട്. എന്നാൽ തന്നെ അപായപ്പെടുത്താൻ പെൺസുഹൃത്ത് തയാറാവില്ലെന്നാണ് മരിക്കുന്നതിനുമുമ്പും ഷാരോൺ ഉറച്ച് വിശ്വസിച്ചിരുന്നത്.
താൻ ഒരിക്കലും ഷാരോണിനെ അപായപ്പെടുത്തില്ലെന്ന് പെൺകുട്ടിയും പ്രതികരിച്ചു. ആരോപണങ്ങൾ കേട്ട് താനും കുടുംബവും മാനസികമായി തകർന്നിരിക്കുകയാണെന്നും താൻ എന്തു ചെയ്യുമെന്നുപോലും അറിയില്ലെന്നുമാണ് പെൺകുട്ടി പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
എന്നാൽ ഷാരോൺ ഗുരുതരാവസ്ഥയിലായശേഷം പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പെരുമാറ്റം ദുരൂഹമാണെന്നും എന്തൊക്കെയോ ഒളിച്ചുവെക്കാൻ അവർ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. ഷാരോണിന് ഏത് കഷായമാണ് നൽകിയതെന്നറിയാൻ പല തവണ ബന്ധപ്പെട്ടിട്ടും ഒഴിഞ്ഞുമാറുന്ന തരത്തിലുള്ള മറുപടിയാണ് പെൺകുട്ടി നൽകിയതെന്ന് അവർ പറയുന്നു. കഷായത്തിന്റെ പേര് അറിയില്ലെന്നും, ഷാരോണിന് നൽകിയത് അവസാന ഡോസാണെന്നും, അതിനുശേഷം പെൺകുട്ടിയുടെ അമ്മ ലേബൽ കീറിക്കളഞ്ഞശേഷം കുപ്പി കഴുകി വൃത്തിയാക്കിയെന്നും, കുപ്പി ആക്രിക്ക് കൊടുത്തുവെന്നുമെല്ലാം മാറിമാറിപ്പറഞ്ഞു. കഷായം നൽകിയത് ബന്ധുവായ ഡോക്ടറാണെന്നും അവരിപ്പോൾ സ്ഥലത്തില്ലെന്നും ഫോണിൽ കിട്ടില്ലെന്നുമെല്ലാം പറഞ്ഞത് ദുരൂഹത വർധിപ്പിക്കുന്നതായി ഷാരോണിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഷാരോണിന് പെൺകുട്ടി മനഃപൂർവം വിഷം നൽകിയതായി സംശയിക്കുന്നില്ലെന്നാണ് പാറശ്ശാല പോലീസ് പറഞ്ഞത്.
പെൺകുട്ടി ഷാരോണുമായി അടുപ്പത്തിലായിരുന്നെങ്കിലും ഈ ബന്ധം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇഷ്്ടമായിരുന്നില്ല. മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. അതിനിടെ പെൺകുട്ടിയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിക്കുമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞുവെന്നും ഇതറിഞ്ഞശേഷം പെൺകുട്ടി രഹസ്യമായി ഷാരോണിനെ കൊണ്ട് കഴുത്തിൽ താലി ചാർത്തിക്കുകയും നെറ്റിയിൽ സിന്ദൂരമണിയിക്കുകയും ചെയ്തതായും യുവാവിന്റെ ബന്ധുക്കൾ പറയുന്നുണ്ട്. ജ്യോത്സ്യൻ പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ച് ഷാരോണിനെ പെൺകുട്ടിയുടെ കുടുംബം ബലികൊടുക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം.