പള്ളിക്കണ്ടി, കോഴിക്കോട്-പള്ളിക്കണ്ടി, കുത്തുകല്ല്, കുണ്ടുങ്ങല്‍ എന്നീ കോഴിക്കോട് നഗരസഭയിലെ തീരദേശ വാര്‍ഡുകളിലെ ഞായറാഴ്ച പ്രഭാതം പതിവു പോലെയായിരുന്നില്ല ഇന്നു കാലത്ത്. റോഡില്‍ എല്ലായിടത്തും പതിവില്‍ കവിഞ്ഞ ജനപ്രവാഹം. കാറിലും ടു വീലറുകളിലുമായി കുടുംബ സമേതം ജനം ഒഴുകയെത്തി. കല്ലായി പുഴ അറബിക്കടലുമായി സംഗമിക്കുന്ന നഗരത്തിന്റെ തീരദേശം നിറയെ സഞ്ചാരികള്‍. അതിരാവിലെ സുബഹി നമസ്‌കാരത്തിന് ശേഷം സജീവമായുന്ന നാടന്‍ ചായക്കടകളില്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ലാതായി. കുട്ടികളേയും കൂട്ടി കടല്‍ ഉള്‍ വലിഞ്ഞ കാഴ്ച കാണാന്‍ എത്തിയവരായിരുന്നു എവിടേയും. കടല്‍ മാറിയിടത്ത് മീന്‍ കിടന്ന് ചാടിക്കളിക്കുന്നത് താന്‍ കണ്ടു എന്നത് പോലെ കാച്ചി വിടുന്ന ജാലിയന്‍ കണാരന്മാരും അവസരം മുതലാക്കി. ശ്രോതാക്കളെ കൂട്ടാന്‍ സുനാമി ഇതാ ഇങ്ങെത്തി എന് ചാമ്പുന്ന വിരുതന്മാരേയും സൗത്ത് ബീച്ചില്‍ കാണാനിടയായി.
ശനിയാഴ്ച വൈകുന്നേരമാണ് കടല്‍ ഉള്‍വലിഞ്ഞത്. രാത്രി പത്ത് മണിയോടെ തിരിച്ചു വരികയും ചെയ്തു. മലബാറില്‍ പലേടത്തും പലപ്പോഴും ഇങ്ങിനെ സംഭവിക്കാറുണ്ട്. എലത്തൂരിനടുത്ത ചെട്ടികുളം ബീച്ചില്‍ ഇത്തരം പ്രതിഭാസമുണ്ടാവുമ്പോഴൊക്കെ കല്ലുമ്മക്കായ പറിക്കല്‍ എളുപ്പമാണെന്ന് ഈ രംഗത്ത് പരിചയസമ്പന്നനായ കുമാരന്‍ പറഞ്ഞു.
അതിനിടെ, കടല്‍ ഉള്‍വലിഞ്ഞ സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. പ്രതിഭാസം പ്രാദേശിക സംഭവം മാത്രമാണെന്നും ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ലെന്നും ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയില്‍ നൈനാന്‍ വളപ്പില്‍ തീരത്ത് ഇന്നലെ വൈകുന്നേരത്തോട് കൂടി കടല്‍ ഉള്‍വലിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഈ സമയങ്ങളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, കേരളത്തില്‍ ഇന്നുമുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.