കോഴിക്കോട് - സംസ്ഥാനത്തെ വി.സിമാർക്കെതിരെ വടിയെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സംസ്ഥാന സർക്കാറിന്റെ പോര് ചായ കുടിച്ചാൽ തീരുമോ? തീരുമെന്ന പരോക്ഷ സൂചനയാണ് ഗോവ ഗവർണറും നിയമവിദഗ്ധനുമായ അഡ്വ. പി.എസ് ശ്രീധരൻപിള്ളക്കുള്ളത്. കോഴിക്കോട് നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് ഗോവ ഗവർണർ കൂടിയായ അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനും ഭരണഘടാ ചുമതലകളുടെ തലവനും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുക സ്വാഭാവികമാണ്. അത്തരം പ്രശ്‌നങ്ങൾ ഞാൻ മുസ്സോറാം ഗവർണറായപ്പോഴും ഗോവയിൽ പ്രസ്തുത പദവിയിൽ തുടരുമ്പോഴുമെല്ലാം ഉണ്ടാകാറുണ്ട്. അങ്ങനെ വരുമ്പോൾ ഞാൻ മുഖ്യമന്ത്രിയെയോ അതല്ലെങ്കിൽ ബന്ധപ്പെട്ട മന്ത്രിയെയോ വിളിക്കും. ഒരു ചായ കുടിക്കാമെന്നു പറയും. ചായ കുടിച്ച് പിരിയുമ്പോഴേക്ക് പറയാനുള്ളതെല്ലാം നല്ല നിലയ്ക്ക് പറഞ്ഞ് ഏകാഭിപ്രായത്തിലെത്തിയിരിക്കും. അങ്ങനെ ചായകുടിയിൽ തീർക്കാവുന്നതേയുള്ളൂ കേരളത്തിലെ പ്രശ്‌നങ്ങളെന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പരോക്ഷമായി പറഞ്ഞുവെച്ചത്.