മസ്‌കത്ത് - തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ശനിയാഴ്ച നാലരയോടെയായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്.
ഒമാനില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സി.ആര്‍ മഹേഷ് എം.എല്‍.എ ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമടക്കം ഏകദേശം 160ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അറിയുന്നത്.
ശനിയാഴ്ച പത്തരയോടെ പുറപ്പെടേണ്ട വിമാനം വൈകി 3.45ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ യാത്ര പുറപ്പെട്ട് 45 മിനുട്ടിനകം തകരാര്‍ കണ്ടെത്തി വിമാനം തിരിച്ചിറക്കുകയായിരുന്നു. തകരാര്‍ കണ്ടെത്തിയ വിമാനത്തില്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ യാത്രക്കാരെ എത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.