തിരുവനന്തപുരം- പാറശാലയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് പെണ്‍സുഹൃത്ത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിക്കെതിരെ മരിച്ച യുവാവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. റേഡിയോളജി വിദ്യാര്‍ഥിയായ മുര്യങ്കര ജെ.പി ഹൗസില്‍ ഷാരോണ്‍ രാജാണ് മരിച്ചത്.
പെണ്‍സുഹൃത്ത് ഷാരോണ്‍ രാജിന് പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ വിഷം കലര്‍ത്തി കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയും ഷാരോണ്‍ രാജും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
തെറ്റു ചെയ്തിട്ടില്ലെന്നും വിഷം കലര്‍ത്തിയിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്ന ഫോണ്‍ കോളും പുറത്തുവന്നിരുന്നു. എന്നാല്‍ കേസില്‍ പെണ്‍കുട്ടി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ത്താന്‍ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നത്.
പെണ്‍കുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പോലീസിനോടും സംസാരിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.