Sorry, you need to enable JavaScript to visit this website.

അണികൾ അഴിഞ്ഞാടുമ്പോൾ

മലപ്പുറത്തു നിന്ന് അടുത്തകാലത്ത് പുറത്തു വരുന്ന വാർത്തകൾ ഇന്ത്യയുടെ മതേതര സുരക്ഷ കടുത്ത ഭീഷണിയിലാണെന്ന സൂചനകളാണ് നൽകുന്നത്. രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിലൊന്നായ മലപ്പുറത്തിന്റെ മതേതര സ്വഭാവവും മതസൗഹാർദ്ദവും തകർക്കുന്ന രീതിയിൽ തീവ്രവാദ ശക്തികൾ നടത്തുന്ന ആക്രമണങ്ങളും ഗൂഢാലോചനകളും മലപ്പുറത്തെ പുറംലോകത്ത് കരിവാരി തേക്കുന്നതിനും മലപ്പുറത്തിന്റെ മതേതരപ്പെരുമയെ ഇകഴ്ത്തുന്നതിനും വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ മതവിഭാഗക്കാരും ഏറെ സൗഹാർദ്ദത്തോടെ ജീവിച്ചു വരുന്ന മലപ്പുറത്തെ ഭീകരജില്ലയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുകയാണ്. ഏറെകാലമായി രഹസ്യമായി നടന്നു കൊണ്ടിരിക്കുന്ന ഈ അജണ്ട ഇപ്പോൾ പുറംതോട് പൊളിച്ച് പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന ഹർത്താലിലെ അക്രമങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബ് ആക്രമിക്കപ്പെട്ടത്. മാധ്യമപ്രവർത്തനത്തിന്റെ ജില്ലയിലെ പ്രധാന കേന്ദ്രവും കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്ന പ്രസ്‌ക്ലബ്ബിൽ ചരിത്രത്തിലാദ്യമായാണ് കെട്ടിടത്തിന് അകത്തു കയറിയുള്ള ആക്രമണം നടക്കുന്നത്. കേവലം ഒരു കെട്ടിടത്തിന് നേരെയുള്ള ആക്രമണമല്ല അത്, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമപ്രവർത്തനത്തിന് നേരെ തന്നെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമത്തിന് ആഹ്വാനം ചെയ്തതും പ്രസ് ക്ലബ്ബ് ആക്രമിച്ചതും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്നത് ഈ സംഭവങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.  മലപ്പുറം കുന്നുമ്മൽ നഗരത്തിൽ ആർ.എസ്.എസ്. പ്രവർത്തകർ നടത്തിയ പ്രകടനത്തോടനുബന്ധിച്ചാണ് പ്രസ് ക്ലബ്ബ് ആക്രമിക്കപ്പെട്ടത്. മലപ്പുറം മുണ്ടുപറമ്പിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാനായിരുന്നു പ്രകടനം. പ്രസ്‌ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ ബൈക്കിലെത്തിയ യുവാവ് പ്രകടനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ആർ.എസ്.എസ്. പ്രവർത്തകർ യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പ്രസ്‌ക്ലബ്ബിന് മുന്നിൽ നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറെ ആർ.എസ്.എസുകാർ പിടികൂടാനായി ഓടിയടുക്കുകയായിരുന്നു. ഉടനെ പ്രസ്‌ക്ലബ്ബിനുള്ളലേക്ക് ഓടിക്കയറിയ ഫോട്ടോഗ്രാഫറെ പിന്തുടർന്ന് ആർ.എസ്.എസുകാർ കെട്ടിടത്തിനകത്തെത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. അഞ്ചു മിനുട്ടോളം നീണ്ടുനിന്ന അക്രമത്തിനിടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. പ്രസ് ക്ലബ്ബിലെ ഫർണീച്ചറുകളും ഓഫീസ് ഉപകരണങ്ങളും തകർക്കപ്പെട്ടു.കെട്ടിടത്തിന് പുറത്തു നിൽക്കുകയായിരുന്ന ആർ.എസ്.എസ്. പ്രാദേശിക നേതാക്കൾ എത്തി അക്രമികളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
പ്രസ് ക്ലബ്ബ് ആക്രമണത്തിൽ ഗൂഢാലോചന ആരോപിച്ച് പുകമറ സൃഷ്ടിക്കാനുള്ള നീക്കം ആർ.എസ്.എസിന്റെ ഭാഗത്തു നിന്ന് ആരംഭിച്ചു കഴിഞ്ഞു. ഏറെ ദൂരം നടന്നു നീങ്ങിയ പ്രകടനം പ്രസ്‌ക്ലബ്ബിന് മുന്നിലെത്തിയപ്പോൾ അക്രമത്തിലേക്ക് തള്ളിയിടാൻ ആരോ ശ്രമിച്ചു എന്ന രീതിയിലാണ് ആർ.എസ്.എസിന്റെ ന്യായീകരണങ്ങൾ പുറത്തു വരുന്നത്. ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകർ പ്രകടനം തകർക്കാൻ എത്തിയവരല്ല എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരെ മർദ്ദിക്കുന്നത് കണ്ട മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യുകയാണ് ചെയ്തത്. ഇതിൽ പ്രകോപിതരായ ആർ.എസ്.എസ്.പ്രവർത്തകരാണ് പ്രസ്‌ക്ലബ്ബിലേക്ക് ഓടിക്കയറി അക്രമം നടത്തിയതെന്നത് കുറ്റക്കാർ ആരാണെന്നത് വ്യക്തമാക്കുന്നു. തങ്ങൾക്കെതിരായ വാർത്തകൾ തടയാനുള്ള അസഹിഷ്ണുതയാണ് ഇവിടെ വെളിവാകുന്നത്. ആർ.എസ്.എസ്.നേതാക്കൾ എന്തു പറഞ്ഞാലും അണികൾ ജനാധിപത്യ വിരോധികളും അസഹിഷ്ണുക്കളുമാണെന്നാണ് ഈ സംഭവം വിളിച്ചുപറയുന്നത്.ശക്തമായ കേഡർ സ്വഭാവമുള്ള ഒരു സംഘടനയാണ് ആർ.എസ്.എസ്. അതിന്റെ പ്രവർത്തകർക്ക് പ്രസ്‌ക്ലബ്ബ് എന്താണെന്നോ മാധ്യമപ്രവർത്തകർ ആരാണെന്നോ തിരിച്ചറിയാനുള്ള സാമൂഹ്യ,ജനാധിപത്യ സാക്ഷരത ഇല്ലെങ്കിൽ നേതൃത്വം വിരൽ ചൂണ്ടേണ്ടത് സ്വന്തം നേർക്ക് തന്നെയാണ്. അക്രമത്തിന്റെ പേരിൽ മലപ്പുറത്തെ വാർത്തകളിൽ നിറക്കുകയെന്നത് വർഗീയ ശക്തികളുടെ ഹിഡൻ അജണ്ടയാണ്. വിരലിലെണ്ണാവുന്ന വർഗീയശക്തികൾ ഇത്തരം അക്രമങ്ങളിലൂടെ ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന ബഹുമത മതേതരവാദികളെകൂടി പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമിക്കുന്നത്. അക്രമങ്ങൾ അഴിച്ചുവിട്ട് അതിന് പിന്നാലെ കുപ്രചാരണങ്ങൾ തുടർന്ന് രാഷ്ട്രീയ, വർഗീയ അടിത്തറയെ വിപുലപ്പെടുത്തുകയെന്ന അതി വിപൽക്കരമായ ഗൂഢാലോചനയാണ് വർഗീയ ശക്തികൾ  നടത്തുന്നത്. അതിന് ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെയും അവർ ആക്രമിക്കുമെന്ന നിലവരെ എത്തിയിരിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കുകയും ചെയ്യുന്ന കാലത്താണ് കേരളത്തിൽ മാധ്യമ സംവിധാനത്തിന് നേരെ പ്രകടമായ ഒരു ആക്രമണം നടന്നിരിക്കുന്നത്. വർഗീയതക്കെതിരെ കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിക്കുന്ന പ്രതിരോധത്തെ ദുർബലപ്പെടുത്തുകയെന്ന ദുഷ്ടലാക്ക് കൂടി ഈ ആക്രമണത്തിന് പിന്നിലുണ്ട്. പ്രസ് ക്ലബ്ബ് ആക്രമണത്തിന് പിന്നിൽ ഇത്തരത്തിലുള്ള ഗൂഢാലോചന ഇല്ലെന്നാണ് ആർ.എസ്.എസ്. വാദിക്കുന്നതെങ്കിൽ പ്രതികളെ തള്ളിപ്പറയാനെങ്കിലും അവർ തയ്യാറാകണമായിരുന്നു.
ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുന്ന, ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന മാധ്യമപ്രവർത്തകർ ആക്രമണത്തിന് ഇരയാകുന്നത് ആദ്യമല്ല. നിറവ്യത്യാസമില്ലാതെ രാഷ്ട്രീയ സംഘടനകൾ കേരളത്തിലങ്ങോളമിങ്ങോളം മാധ്യമപ്രവർത്തകർക്ക് നേരെ കഴിഞ്ഞ കാലങ്ങളിൽ അക്രമം നടത്തിയിട്ടുണ്ട്. ജോലിക്കിടെയാണ് മാധ്യമപ്രവർത്തകർ ഏറെയും ആക്രമിക്കപ്പെടുന്നത് എന്നത് ഭരണകൂടങ്ങൾ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. വാർത്തകളെ ഭയക്കുന്നവർ അക്രമത്തിന്റെ വഴി തേടുന്നത് ഭീരുത്വവും അസഹിഷ്ണുതയുമാണ്. നേരിടാൻ ആശയങ്ങളില്ലാത്തവരാണ് അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത്. മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളെ മുതലെടുക്കാൻ മറ്റു സംഘടനകൾ ശ്രമിക്കുന്നതും കേരളത്തിൽ പതിവു കാഴ്ചയാണ്. ഒരു രാഷ്ട്രീയ പാർട്ടി അക്രമം നടത്തുമ്പോൾ അതിനെ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ മറ്റു പാർട്ടികൾ ശ്രമിക്കുന്നു. വർഗീയസംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്.
പ്രസ് ക്ലബ്ബ് ആക്രമണക്കേസ് രാഷ്ട്രീയ സംവാദത്തിനും ചർച്ചകൾക്കുമപ്പുറം നിയമം കൊണ്ട് നേരിടേണ്ട ഒന്നാണ്. അക്രമികളെ ഒന്നടങ്കം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരാനും പരമാവധി ശിക്ഷ ലഭ്യമാക്കാനും പോലീസിന് കഴിയ ണം. ഇത്തരം അക്രമങ്ങളുടെ കാര്യത്തിൽ പോലീസിന്റെ അലംഭാവം അക്രമികൾക്ക് കൂടുതൽ ഊർജം നൽകുന്നതായിരിക്കും.
മലപ്പുറത്ത് നടക്കുന്ന അക്രമങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ ഇന്റലിജൻസ് സംവിധാനം പാളിപ്പോയതിന്റെ തെളിവുകൾ കൂടിയാണ്. ഹർത്താൽ ദിനത്തിലെ അക്രമങ്ങളും പ്രസ്‌ക്ലബ്ബ് ആക്രമണവും ഇന്റലിജൻസിന് മണത്തറിയാൻ കഴിഞ്ഞില്ല. അക്രമം നടന്നതിന് ശേഷം അന്വേഷണം നടത്തുന്നതിനേക്കാൾ പോലീസ് സംവിധാനം കാര്യക്ഷമമാകുന്നത് അക്രമം നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിയുമ്പോഴാണ്. 
ഇക്കാര്യത്തിൽ കേരളത്തിലെ പോലീസ് ഏറെകാലമായി വളരെ പുറകിലാണ്. പോലീസിന്റെ ഈ കഴിവു കേടു തന്നെയാണ് മാധ്യമപ്രവർത്തകരുടെ ആസ്ഥാനത്തു വരെ കയറി അക്രമം നടത്താൻ ആർ.എസ്.എസ്. പോലുള്ള സംഘടനകൾക്ക് ധൈര്യം നൽകുന്നത്. 


 

Latest News