ദുബായ്- മന്ത്രവാദത്തിനുള്ള സാധനങ്ങള്‍ യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിലായി. മന്ത്രവാദത്തിനും ആഭിചാരക്രിയക്കും ഉപയോഗിക്കുന്ന 23 കിലോ സാധനങ്ങളുമായാണ് ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഏലസ്സുകളും തോല്‍കഷ്ണങ്ങളും, അജ്ഞാത ദ്രാവകമുള്ള കുപ്പികളും അടക്കം 21 ഇനങ്ങളാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് പ്രത്യേകം പരിശോധിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒന്നാം ടെര്‍മിനലിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. മന്ത്രവാദവും ആഭിചാര ക്രിയകളും യു.എ.ഇയില്‍ നിയമവിരുദ്ധമാണ്. ഇത്തരം സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.