തൃശൂര്‍-ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സംശയരോഗിയായ ഭര്‍ത്താവിന് 37 വര്‍ഷം രണ്ടു മാസം കഠിനതടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.
ഇരിങ്ങാലക്കുട മനവലശ്ശേരി കുറുപ്പത്തിപ്പടി പുതുക്കാട്ടില്‍ ഉണ്ണികൃഷ്ണനെ (49)യാണ് വിവിധ വകുപ്പുകളിലായി തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷവും 9 മാസവും കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും.
പിഴയടക്കുന്ന പക്ഷം പിഴത്തുക പ്രതിയുടെ ഭാര്യക്കും മകള്‍ക്കും നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്..
2020 മാര്‍ച്ച് നാലിന് പുലര്‍ച്ചെ 2.20ന് പ്രതിയുടെ കുറുപ്പത്തിപ്പടിയിലുള്ള വീട്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപനും സംശയരോഗിയുമായ പ്രതി ഉണ്ണികൃഷ്ണന്‍ ഭാര്യക്ക് പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും മകളെയും ഗുരുതരമായി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. സംശയരോഗിയായ പ്രതി മുന്‍പ് പലപ്പോഴും ഭാര്യയെയും മകളെയും ഉപദ്രവിക്കുകയും, രാത്രിസമയം ഉറങ്ങാതെ വീടിനുപുറത്ത് ആരെങ്കിലും വന്നോ എന്ന് ഇടക്കിടെ പരിശോധിക്കാറുമുണ്ടായിരുന്നു. സംഭവദിവസം ഇത്തരത്തില്‍ ഭര്‍ത്താവ് പുറത്തുപോകുന്നതു കണ്ട് ഉണര്‍ന്ന ഭാര്യയുടെ ദേഹത്ത് തീ കൊളുത്തുന്നതിനു വേണ്ടി മണ്ണെണ്ണയൊഴിക്കകയായിരുന്നു. പേടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭാര്യയെയും മകളെയും പിന്തുടര്‍ന്ന് വീട്ടുപറമ്പിലെ കിണറ്റിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും വെട്ടുകത്തികൊണ്ട് തലയുടെ പുറകിലും, തോളിലും വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചെവിയിലും, കൈവിരലിലും വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിവന്നപ്പോള്‍ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 26 രേഖകളും, 12 തൊണ്ടി മുതലുകളും ഹാജരാക്കുകയും, 19 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.