ദുബായ്- രണ്ട് ട്രക്കുകള്‍ ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ദുബായില്‍ ഒരു ഡ്രൈവര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബായിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഇന്ന് രാവിലെയാണ് അപകടം.
ഒരു ലോറി വരുത്തിയ ചെറിയ അപകടം കാരണം ഗതാഗത സ്തംഭനമുണ്ടായതാണ് പിന്നാലെ വന്ന വാഹനങ്ങള്‍ ഇടിക്കാന്‍ കാരണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ചില്ലെന്നും ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു.
അകലം പാലിക്കാതെ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുന്നതാണ് മിക്ക അപകടങ്ങളുടേയും കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അകലം പാലിക്കണമെന്ന ട്രാഫിക് നിയമം ലംഘിച്ചതുകാരണം ഈ വര്‍ഷം ഇതുവരെ 538 അപകടങ്ങളുണ്ടായി. ഈ അപകടങ്ങളില്‍ 10 പേര്‍ മരിക്കുകയും 367 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലൈസന്‍സില്‍ നാല് ബ്ലാക് പോയിന്റുകളും 400 ദിര്‍ഹം പിഴശിക്ഷയും ലഭിക്കുന്ന ട്രാഫിക് നിയമലംഘനമാണിത്.