റഷ്യ-ഉക്രൈൻ യുദ്ധം, ഭക്ഷ്യ വസ്തുക്കളുടെയും ഊർജത്തിന്റെയും നിരക്കു വർധന, പണപ്പെരുപ്പം, പലിശ വർധന, കോവിഡിന്റെ പുതിയ വ്യാപന ഫലമായുള്ള ലോക്ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ലോക രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയലകപ്പെടുമ്പോൾ സൗദി ഉയർന്ന സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നടപ്പു വർഷം മാത്രമല്ല, അടുത്ത വർഷവും ജി20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് റിപ്പോർട്ട് പറയുന്നത്.
ലോകമാകെ ആഗോള സാമ്പത്തിക മാന്ദ്യഭീഷണി നേരിടുമ്പോഴും സൗദി അറേബ്യ ഭീഷണി തെല്ലുമില്ലാതെയാണ് നീങ്ങുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും കരുത്തുമാണ് കാരണം. ശക്തമായ ഭരണ നേതൃത്വവും സാമ്പത്തിക പരിഷ്‌കരണങ്ങളും പുത്തൻ ആശയ പദ്ധതികളുമാണ് കോവിഡ് ഭീഷണിക്കാലത്തു പോലും സൗദി അറേബ്യയെ സാമ്പത്തിക പ്രതിസന്ധി നേരിടാതെ പിടിച്ചുനിർത്തിയത്. രാജ്യമിപ്പോൾ വ്യാവസായിക വിപ്ലവത്തിനുള്ള തയാറെടുപ്പിലാണ്. സർവ മേഖലകളും വികസന കുതിപ്പിലാണ്. തൊഴില്ലായ്മ നിരക്കും കുറഞ്ഞു വരികയാണ്. വിഷൻ 2030 ലക്ഷ്യം കൈവരിക്കാൻ അതിശക്തമായ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. മാനുഷിക മുല്യങ്ങളിലധിഷ്ഠിതമായ വികസനം, അതാണ് സൗദിയുടെ ലക്ഷ്യം. റിയാദ് കിംഗ് അബ്ദുൽ അസീസ് കൺവെൻഷൻ സെന്ററിൽ ഇപ്പോൾ നടന്നു വരുന്ന ഏറ്റവും വലിയ ആഗോള സാമ്പത്തിക ഉച്ചകോടിയായ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ ചർച്ച ചെയ്യുന്നതും അതാണ്. മാനവികതയിൽ നിക്ഷേപം: ഒരു പുതിയ ലോകക്രമം പ്രാപ്തമാക്കൽ'' എന്ന ശീർഷകത്തിൽ നടക്കുന്ന ആറാമത് നിക്ഷേപക സംഗമത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം സാമ്പത്തിക വിദഗ്ധരാണ് പങ്കെടുക്കുന്നത്. 180 സെഷനുകളും 30 ശിൽപശാലകളും നാല് മിനി ഉച്ചകോടികളിലുമായി 500 സാമ്പത്തിക വിദഗ്ധരാണ് വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ഇതിൽനിന്നു തന്നെ വരുംനാളുകളിൽ സൗദി ലക്ഷ്യമിടുന്ന വികസന കാഴ്ചപ്പാട് എന്താണെന്നു വ്യക്തമാണ്. ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാനുള്ള പുതിയൊരു ലോകക്രമമാണ് സൗദിയിൽ രൂപപ്പെട്ടുവരുന്നത്.
സ്വദേശികൾക്കു മാത്രമല്ല, കഴിവുറ്റ പ്രവാസികളെയും നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം വരുംനാളുകൾ അവരുടെ സുവർണ കാലമായിരിക്കും. സൗദിയുടെ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെയും ശക്തമായ ധനസ്ഥിതിയെയും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പ്രശംസിച്ചിട്ടുണ്ട്. പരിഷ്‌കരണങ്ങൾ തുടരുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവും ഉയർന്ന സാമ്പത്തിക വളർച്ചയും പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിച്ചുവെന്നാണ് എം.എം.എഫ് വിലയിരുത്തൽ. റഷ്യ-ഉക്രൈൻ യുദ്ധം, ഭക്ഷ്യ വസ്തുക്കളുടെയും ഊർജത്തിന്റെയും നിരക്കു വർധന, പണപ്പെരുപ്പം, പലിശ വർധന, കോവിഡിന്റെ പുതിയ വ്യാപന ഫലമായുള്ള ലോക്ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ലോക രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെടുമ്പോൾ സൗദി ഉയർന്ന സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നടപ്പു വർഷം മാത്രമല്ല, അടുത്ത വർഷവും ജി20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് റിപ്പോർട്ട് പറയുന്നത്. ഈ വർഷം 9.9 ശതമാനവും അടുത്ത വർഷം ആറു ശതമനവും സാമ്പത്തിക വളർച്ച സൗദി കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിൽ ഇക്കൊല്ലവും അടുത്ത വർഷവും സാമ്പത്തിക വളർച്ച കുറയുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
വരുംനാളുകളിൽ സൗദിയുടെ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമായിരിക്കും നടക്കുക.
വിഷൻ 2030 പദ്ധതികൾക്കനുസൃതമായി നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണം സാധ്യമാക്കാനും ആഭ്യന്തരോൽപാദനവും പെട്രോളിതര ഉൽപന്ന കയറ്റുമതി വർധിപ്പിക്കാനും സഹായിക്കുന്ന വ്യാവസായിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതുമാണ് ദേശീയ വ്യവസായ തന്ത്രം. ഇതിന്റെ ഉദ്ഘാടനം കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.
ബയോ മെഡിസിൻ, മെഡിക്കൽ വാക്സിൻ നിർമിക്കുന്ന മൂന്നു വൻകിട ഫാക്ടറികൾ, വിമാനങ്ങൾ അസംബിൾ ചെയ്യുന്ന നാലു കമ്പനികൾ, എട്ട് ലോഹ ഫാക്ടറികൾ, ഐ.ടി മേഖലയിൽ 15 സ്ഥാപനങ്ങൾ എന്നിവ പദ്ധതിയിലുണ്ട്. വ്യാവസായിക കയറ്റുമതി മൂല്യം ഇരട്ടിയായി 557 ബില്യൺ റിയാലിലും വ്യാവസായിക ആഭ്യന്തര ഉൽപാദനം മൂന്നിരട്ടിയായി 895 ബില്യൺ റിയാലിലുമെത്തും. നൂതന സാങ്കേതിക ഉൽപന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വർധിപ്പിക്കും. ഇതുവഴി പതിനായിരക്കണക്കിന് പേർക്കായിരിക്കും പുതുതായി തൊഴിൽ ലഭിക്കുക.
ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് തലീദ് എന്ന പുതിയ പദ്ധതിക്ക് അറാംകോ തുടക്കമിട്ടിട്ടുണ്ട്. ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചയും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും അതുവഴി സാമ്പത്തിക വികസനത്തിന് പിന്തുണ നൽകലുമാണ് തലീദ് പദ്ധതിയിലൂടെ അറാംകോ ലക്ഷ്യമിടുന്നത്. പുതിയ വ്യവസായ ശാലകൾ സ്ഥാപിക്കുന്നതിന് സഹായകമെന്ന നിലയിൽ ഊർജ മേഖലയിലും വൻ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി കൈകോർത്തുള്ള പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു സൗദി ഊർജ മന്ത്രിയും സൗദി ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിലെ സാമ്പത്തിക, നിക്ഷേപ കമ്മിറ്റി പ്രസിഡന്റ് കൂടിയായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ അടുത്തിടെയുണ്ടായ ഇന്ത്യ സന്ദർശനം.
വൈദ്യുതി ഉൽപാദന വിതരണ മേഖലയിൽ ഒരു ട്രില്യൺ റിയാലിന്റെ പദ്ധതികളാണ് സൗദി നടപ്പാക്കുന്നത്. എണ്ണയുടെ ഉപയോഗം കുറയാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പെട്രോ കെമിക്കൽ പരിവർത്തന പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും നപടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.
ടൂറിസം, നിർമാണ രംഗത്തുണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടവും സൗദിക്ക് സാമ്പത്തിക കരുത്തു പകരും. 2019 ൽ ആവിഷ്‌കരിച്ച ടൂറിസം സ്ട്രാറ്റജിക്ക് കോവിഡ് ഭീഷണിയായിരുന്നുവെങ്കിലും ഇപ്പോൾ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. 65 മില്യൺ സന്ദർശകരാണ് കോവിഡാനന്തരം രാജ്യത്തെത്തിയത്. 121 ശതമാനം വളർച്ചയോടെ ജി 20 ഗ്രൂപ്പിൽ രാജ്യം ഈ രംഗത്ത് ഒന്നാം സ്ഥാനത്താണ്. ചെങ്കടൽ പദ്ധതിയിലെ ടൂറിസ്റ്റ് കേന്ദ്രമായ ശൂറാ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന സൗദിയിലെ ഏറ്റവും നീളം കൂടിയ പാലമായ ശൂറാ പാലം തുറന്നതോടെ ശൂറാ ദ്വീപ് വൻ ആകർഷണ കേന്ദ്രമായി മാറും. ഇവിടെ 16 വൻകിട ഹോട്ടലുകളും റിസോർട്ടുകളും മറ്റു പാർപ്പിട സമുച്ചയങ്ങളുമാണ് ഉയരുന്നത്. ജിദ്ദ ഉൾപ്പെടെ വൻ നഗരങ്ങളുടെ ആധുനികവൽക്കരണം കൂടിയാവുമ്പോൾ നിർമാണ മേഖലയും വൻകുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ്. ഈ പദ്ധതികളെല്ലാം സൗദിക്ക് വരും ദിവസങ്ങളിൽ നൽകുക വൻ സാമ്പത്തിക പുരോഗതിയും തൊഴിൽ അവസരങ്ങളുമായിരിക്കും. അങ്ങനെ വരുമ്പോൾ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം സൗദിയെ കാര്യമായി ബാധിക്കില്ല.