Sorry, you need to enable JavaScript to visit this website.

പാർട്ടിക്ക് പാച്ചേനിയോട് തീർത്താൽ തീരാത്ത കടപ്പാട്

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിക്കുന്നു


മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാർത്ഥനായ കോൺഗ്രസ് നേതാവും മുഴുവൻ സമയ പാർട്ടി പ്രവർത്തകനുമായിരുന്നു സതീശൻ പാച്ചേനി. കെ.എസ്.യു യൂണിറ്റ് അധ്യക്ഷനിൽ തുടങ്ങി സംസ്ഥാന അധ്യക്ഷനായി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പാച്ചേനി സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. ഊർജസ്വലമായി പ്രവർത്തിക്കുക മാത്രമല്ല, സഹപ്രവർത്തകർക്ക് കൂടി ആ ഊർജം പകർന്നു കൊടുക്കാൻ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കാനും പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാനുമുള്ള ആർജവം പാച്ചേനിക്കുണ്ടായിരുന്നു. 
അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നെങ്കിലും കോൺഗ്രസ് ആശയങ്ങളാണ് പാച്ചേനിയെ ആകർഷിച്ചത്. ഇതേത്തുടർന്ന് തറവാട്ടിൽ നിന്നും പടിയിറക്കിയെങ്കിലും കോൺഗ്രസിനൊപ്പം നിൽക്കുകയെന്ന ഉറച്ച തീരുമാനത്തിലായിരുന്നു പാച്ചേനി. പരിയാരം ഹൈസ്‌കൂളിൽ ആദ്യമായി രൂപീകരിച്ച കെ.എസ്.യു യൂണിറ്റ് അധ്യക്ഷനായാണ് പാച്ചേനി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്. പിന്നീട് താലൂക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പാച്ചേനി കെ.എസ്.യു അധ്യക്ഷനുമായി. 
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കോട്ടയെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന മലമ്പുഴയിൽ പാച്ചേനിക്കെതിനെ സാക്ഷാൽ വി.എസ് അച്യുതാനന്ദന് 4703 വോട്ടുകൾക്ക് മാത്രമാണ് വിജയിക്കാനായത്. സി.പി.എമ്മിന്റെ കോട്ടകളിൽ വമ്പൻമാർക്കെതിരെ മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ തുച്ഛമായ വോട്ടുകൾക്കാണ് പാച്ചേനി പരാജയപ്പെട്ടത്. പാർലമെന്ററി രംഗത്ത് തിളങ്ങി നിൽക്കാനുള്ള അനുഭവവും കഴിവും സതീശൻ പാച്ചേനിക്ക് ഉണ്ടിയിരുന്നുവെന്ന് എനിക്കുറപ്പാണ്. എന്നാൽ ദൗർഭാഗ്യമാണ് പലപ്പോഴും തടസമായത്. തോൽവികൾ വ്യക്തിപരമായി ഒരിക്കലും സതീശൻ പാച്ചേനിയെ ബാധിച്ചിരുന്നില്ല. 
അടിമുടി കോൺഗ്രസുകാരനും തികഞ്ഞൊരു പോരാളിയുമായിരുന്നു പാച്ചേനി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എക്കാലവും നിന്ന പാച്ചേനി കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കരുത്തായിരുന്നു. കണ്ണൂർ ഡി.സി.സി അധ്യക്ഷനായിരിക്കെ പാർട്ടി ആസ്ഥാന മന്ദിര നിർമ്മാണത്തിന് വേണ്ടി സ്വന്തം വീടിന്റെ ആധാരം പണയം വച്ച് പണം കണ്ടെത്താൻ പോലും അദ്ദേഹം മടി കാട്ടിയില്ല. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് ജീവവായുവായിരുന്നു. പാർട്ടിക്ക് പാച്ചേനിയോടുള്ള കടപ്പാടും തീർത്താൽ തീരാത്തതാണ്. 
പാച്ചേനിയുടെ വിയോഗം എനിക്കും വ്യക്തിപരമായ നഷ്ടമാണ്. ഞങ്ങൾ സമകാലീനരായിരുന്നു. കെ.എസ്.യു ക്യാമ്പുകളിൽ അദ്ദേഹം പകർന്ന് നൽകിയ ആവേശം ഇന്നും ഓർക്കുന്നു. എന്തും തുറന്നു പറയാവുന്ന സുഹൃത്ത്. പഠിക്കുന്ന സമയത്ത് തൂമ്പയെടുത്ത് ജോലിക്ക് പോയ ജീവിതാനുഭവങ്ങൾ കെ.എസ്.യു ക്യാമ്പിൽ വച്ച് പാച്ചേനി എന്നോട് പറഞ്ഞിട്ടുണ്ട്. 
സഹപ്രവർത്തകരെ എന്നും ചേർത്ത് നിർത്തിയ നേതാവിനെയാണ് ഞങ്ങൾക്ക് നഷ്ടമായത്. അപ്രതീക്ഷിതമായ ഈ വിയോഗം താങ്ങാനാകാത്ത വേദനായാണ്. കോൺഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടം. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നു. 

Latest News