- ഏറ്റവും ഇഷ്ടമുള്ള നേതാവെന്ന് എ.കെ ആന്റണി, നിശ്ചയദാർഢ്യത്തോടെ പൊരുതിയ ധീരനെന്ന് വി.ഡി സതീശൻ
കണ്ണൂർ - പാർട്ടിക്കുവേണ്ടി ജീവിതം പണയപ്പെടുത്തിയിട്ടും പാർല്ലമെന്ററി പദവികളിലൊന്നും ഇടം ലഭിക്കാതെ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ച വ്യക്തിയാണ് അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി. നാലു പതിറ്റാണ്ടുകാലം സംഘടനാരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം കണ്ണൂർ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ സൗമ്യമുഖമായിരുന്നു. പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് നിർമാണത്തിന് പണമില്ലാതെ വന്നപ്പോൾ സ്വന്തം വീട് അടക്കം പണയപ്പെടുത്തിയതും ചരിത്രം.
കെ.എസ്.യു മുതൽ കെ.പി.സി.സി ജനറൽസെക്രട്ടറി വരെ ഉന്നത പദവികളിൽ അദ്ദേഹം എത്തിയെങ്കിലും തെരഞ്ഞെടുപ്പ് കടമ്പകളിൽ വിജയിക്കാനായില്ല. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അടക്കം സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ വിറപ്പിച്ച പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിനായി. നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ 1996ൽ തളിപ്പറമ്പ് മണ്ഡലത്തിൽനിന്നായിരുന്നു കന്നിയങ്കം. തുടർന്ന് 2001ലും 2006ലും മലമ്പുഴയിൽ വി.എസിനോട് പോരടിച്ചു മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2009-ലെ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായെങ്കിലും ഫലം തുണച്ചില്ല. 2016, 2021 വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനോടും ഇഞ്ചോടിഞ്ച് പൊരുതി വീഴുകയായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന യുവനേതാക്കളിൽ പ്രധാനിയായിരുന്നു സതീശൻ പാച്ചേനിയെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി അനുസ്മരിച്ചു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് വന്നത്. കണ്ണൂരിൽ കെ.എസ്.യു കെട്ടിപ്പെടുക്കാൻ അതിസാഹസിക പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഏറെ മർദ്ദനങ്ങൾ ഏറ്റുവാങ്ങി അഹോരാത്രം പണിയെടുത്താണ് സംഘടന ഉണ്ടാക്കിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് സ്വന്തമായി ഓഫീസ് ഉണ്ടാക്കി കൊടുത്തത് സതീശൻ ജില്ലാ പ്രസിഡന്റായപ്പോഴാണ്. ഓഫീസ് നിർമ്മാണത്തിന് അവസാനം പണമില്ലാതെ വന്നപ്പോൾ തന്റെ ഏകസമ്പാദ്യമായ വീട് പണയപ്പെടുത്തിയാണ് പാർട്ടിക്ക് മനോഹരമായ കെട്ടിടം ഉണ്ടാക്കികൊടുത്തതെന്നും ആന്റണി ഓർമിപ്പിച്ചു.
താങ്ങാൻ കഴിയാത്ത വേദനയാണ് ഈ വേർപാട് നല്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഞാനുമായി കെ.എസ്.യു കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സ്‌നേഹനിധിയായ സഹപ്രവർത്തകനെയാണ് നഷ്ടമായത്. എല്ലാവരിലും നിന്ന് വേറിട്ട് നിൽക്കുന്ന വ്യക്തിത്വമായിരുന്നു സതീശന്റെത്. ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. പ്രതികൂല സാഹചര്യങ്ങളിൽനിന്ന് കഠിനാദ്ധ്വാനം നടത്തി വളർന്ന നേതാവാണ്. പാർലമെന്റിൽ മത്സരിച്ചപ്പോൾ നേരിയ മാർജിനിലാണ് പരാജയപ്പെട്ടത്. ദൗർഭാഗ്യം ഒരു കൂടപ്പിറപ്പായിട്ട് ഉണ്ടായിരുന്ന ഒരാളായിരുന്നു. എന്നാൽ കൃത്യമായ നിശ്ചയദാർഢ്യമുണ്ടായിരുന്നു. അതിന്റെ തെളിവാണ് ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടും സ്വന്തം വീട് പണയംവച്ച് കണ്ണൂരിൽ പാർട്ടി ഓഫീസ് പൂർത്തീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് തറവാട്ടിൽ നിന്നും കോൺഗ്രസിന്റെ നേതൃത്വത്തിലെത്തിയ വ്യക്തിയായിരുന്നു സതീശൻ. തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും കർഷക തൊഴിലാളിയുമായ പരേതരായ പാലക്കീൽ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനിയുടെ ജനനം. കെ.എസ്.യുവിലൂടെയാണ് കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം.
1979ൽ പരിയാരം ഗവ. ഹൈസ്‌ക്കൂളിൽ കെ.എസ്.യു യൂനിറ്റ് രൂപീകരിച്ച് അതിന്റെ പ്രസിഡന്റായാണ് ചുവടുകളുടെ തുടക്കം. 1986ൽ കെ.എസ്.യു കണ്ണൂർ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വർഷം ജില്ല വൈസ് പ്രസിഡൻറുമായി. 1989-1993 കാലയളവിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം. തുടർന്ന് കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറി. 1999ൽ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡൻറായും ചുമതലയേറ്റു. 2001 മുതൽ തുടർച്ചയായി 11 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 2016 മുതൽ അഞ്ച് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു.