കോഴിക്കോട് - നോളജ് സിറ്റിയിലെ കവിയരങ്ങ് വിവാദത്തിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. കവിത വായനയ്ക്ക് വിളിക്കുമ്പോൾ ഞാൻ അവിടത്തെ സ്ത്രീ-പുരുഷ അനുപാതം അന്വേഷിക്കാറില്ല. അത്തരമൊരു നിലയിലാണ് ഈ പരിപാടിയിലും പങ്കെടുത്തത്. ഇതുസംബന്ധിച്ച വിമർശം ഉന്നയിക്കേണ്ടത് സംഘാടകരോടാണ്, അതല്ലാതെ അതിഥികളോടല്ലെന്നും പരിപാടിയിൽ പങ്കെടുത്തു പോന്നതിനു ശേഷമാണ് വിവാദം ശ്രദ്ധയിൽ പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെ പുതുപ്പാടിയിലെ നോളജ് സിറ്റിയിൽ 100 കവികളെ പങ്കെടുപ്പിച്ച് ഈയിടെ നടന്ന മീം പരിപാടിയിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിമർശം ഉയർന്നിരുന്നു. ഇതോടായാണ് സച്ചി മാഷ് എഫ്.ബിയിൽ പ്രതികരിച്ചത്. എഫ്.ബിയിൽ ഉയർന്ന മാന്യമായ സംശയങ്ങളോടും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
സർവ്വമതസഹഭാവം എന്നത് മതനിരാകരണം പോലെ അനായാസമല്ല. അതിനു മതങ്ങളെ അവ പ്രയോഗിക്കപ്പെടുന്ന രീതിയിൽ തന്നെ ബഹുമാനിക്കാൻ തയ്യാറാകണം. ഒപ്പം ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രയോഗങ്ങൾ സ്വന്തം മതത്തിൽ നിലനിൽക്കുന്നുവെങ്കിൽ അവയെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം. ഗാന്ധിയും ശ്രീനാരായണനും അതാണ് ചെയ്തത്.
മറ്റു മതങ്ങളിൽ മാറ്റം വരുത്താൻ രണ്ടു മാർഗ്ഗങ്ങളെയുള്ളൂ: ഒന്ന്, ജനാധിപത്യ മര്യാദകൾ പാലിച്ചു വരുത്തുന്ന നിയമപരമായ മാറ്റങ്ങൾ. മറ്റൊന്ന്, ഒരു മതത്തിലെ ആളുകൾ തന്നെ അതിന്റെ ദുഷ്പ്രയോഗങ്ങൾക്കെതിരെ കലാപത്തിലും സംവാദത്തിലും കൂടി വരുത്തുന്ന മാറ്റങ്ങൾ. അതിൽ ഇതര മതങ്ങളിൽ ഉൾപ്പെടുന്നവർ ഇടപെടുന്നത് അക്രമം ആയിരിക്കും.
ഓരോ മതത്തിലും ജനിച്ച വ്യക്തികൾക്ക് മതം നിരാകരിക്കാനോ മാറാനോ യുക്തിവാദി ആകാനോ ഉള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. ഇയ്യിടെ നടന്ന ചില വികല വിവാദങ്ങൾ കണ്ടാണ് ഇത് പറയുന്നത്. മുസ്ലിം സ്ത്രീകൾ, ഇറാനിൽ എന്ന പോലെ, ഉണരുമ്പോൾ മാത്രമാകും ഇസ്ലാം പ്രയോഗങ്ങളിൽ മാറ്റം ഉണ്ടാവുക. എല്ലാ മതങ്ങളിലും പല രീതിയിൽ ലിംഗവിവേചനം നിലനിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്‌കൂളുകളും കോളേജുകളും നടത്തുകയും ഹാളുകളിൽ പോലും സീറ്റുകൾ വേറെ വേറെ ഒരുക്കുകയും നിഷ്‌കളങ്കമായ സ്പർശവും കൈകുലുക്കലും ആശ്ലേഷവും പോലും വിലക്കുകയും ചെയ്യുന്നത് മുസ്ലീങ്ങൾ മാത്രമല്ലല്ലോ. സ്ത്രീയോടുള്ള ഭയവും ജുഗുപ്‌സയും ഗുരു ഉൾപ്പെടെയുള്ള സന്യാസികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ( പി ഉദയകുമാർ മാത്രമേ ഈ വശം സ്പർശിച്ചത് ഓർമ്മയുള്ളൂ). ബ്രഹ്മചര്യ സങ്കൽപ്പത്തിൽ തന്നെ ഈ വൈരാഗ്യം അടങ്ങിയിരിക്കുന്നു. ഇതൊന്നും കാണാതെയുള്ള കലമ്പലുകൾ വ്യക്തിപരമായ അസംതൃപ്തികളിൽ നിന്നും മൂടി വെച്ച മുസ്ലിം വിരോധത്തിൽ നിന്നും വരുന്നവയാണ്. അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിദ്വേഷ പ്രചാരണത്തെ മാത്രമേ സഹായിക്കുന്നുള്ളൂ. എന്നെ ഒരു കവിത വായനക്ക് ആരെങ്കിലും ക്ഷണിക്കുമ്പോൾ ആരൊക്കെയാണ് കൂടെയുള്ളത്, സ്ത്രീ പുരുഷ അനുപാതം എത്ര എന്നൊന്നും ഞാൻ അന്വേഷിക്കാറില്ല. അതേ സമയം, ഞാൻ കൂടി സംഘാടകനായ ഏതു പരിപാടിയിലും, അത് അക്കാദമിയുടെ ആകട്ടെ, കേരള സാഹിത്യോത്സവം ആകട്ടെ, ഞാൻ അക്കാര്യം ഉറപ്പ് വരുത്തുകയും ചെയ്യും. അങ്ങിനെയാണ് കേന്ദ്ര അക്കാദമിയിൽ ഞാനുള്ളപ്പോൾ എഴുത്തുകാരികളുടെ മൂന്നു അഖിലേന്ത്യാ സമ്മേളനങ്ങൾ നടത്തുകയും സ്ത്രീകൾക്കായി മാത്രം ഒരു പ്രതിമാസപരിപാടി ആരംഭിക്കുകയും ചെയ്തത്. ഇത് ആലോചനകളുടെ സ്ഥലമല്ല എന്നറിയാം, മനസ്സിലാകുന്നവർക്കായി പറയുന്നു എന്നേയുള്ളൂ. ഇവിടെ പ്രത്യക്ഷപ്പെട്ട ഒരു വിമർശനവും എന്നെ ബാധിക്കുന്നില്ല എന്നും അറിയിക്കട്ടെ. അത് സംഘാടകരോടാണ് പറയേണ്ടത്, ക്ഷണിക്കപ്പെട്ട പങ്കാളികളോടല്ല.