തൊടുപുഴ- വിഷം ഉള്ളില്‍ ചെന്ന് സി. പി. എം പ്രവര്‍ത്തകന്‍ മരിച്ചതിനെച്ചൊല്ലി വിവാദം.ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടവെട്ടി ആര്‍പ്പാമറ്റം പുത്തന്‍വീട്ടില്‍ സുബൈര്‍ (40) തിങ്കളാഴ്ചയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വിഷം കഴിച്ച നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ചികിത്സയിലായിരുന്ന സുബൈറിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് സൂചിപ്പിച്ചു. മുതലക്കോടത്ത് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു സുബൈര്‍.
ഇടവെട്ടി പഞ്ചായത്തിലെ വനിത എല്‍.ഡി.എഫ് മെമ്പറാണ് സംഭവത്തിന് പിന്നിലെന്ന ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. വിവാദ മെമ്പര്‍ ബുധനാഴ്ച രണ്ടു മണിക്ക് ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് കമ്മിറ്റിക്ക് എത്തിയപ്പോഴാണ് സംഭവം. യു. ഡി. എഫ് അംഗങ്ങള്‍ പ്രതിഷേധ സൂചകമായി യോഗം ബഹിഷ്‌കരിച്ചു ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്ത് ഗേറ്റിന് സമീപം യോഗവും സംഘടിപ്പിച്ചു. സി. പി. എം ഗ്രൂപ്പ് വഴക്കാണ് ഒരു കുടുംബം അനാഥമാകുവാന്‍ കാരണമെന്ന ആരോപണമുണ്ട്.
യോഗത്തില്‍ നൗഷാദ് വഴിക്കല്‍പുരയിടം അധ്യക്ഷത വഹിച്ചു.ലത്തീഫ് മുഹമ്മദ്, ബേബി കാവാലം, എ. കെ സുഭാഷ് കുമാര്‍, അസീസ് ഇല്ലിക്കല്‍, അബ്ബാസ് വടക്കേല്‍. അഷറഫ് എം. പി, സലിം മുക്കില്‍, നിസാര്‍ ഇടവെട്ടി, അജിനാസ് കാനാപ്പറമ്പില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, അസീസ് ഇല്ലിക്കല്‍, അഡ്വ. അജ്മല്‍ ഖാന്‍, ബിന്‍സി മാര്‍ട്ടിന്‍, താഹിറ അമീര്‍ സംസാരിച്ചു.