കോഴിക്കോട്-പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമാ യി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം സംഘടിപ്പിച്ചു. കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം യോഗത്തില്‍ അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കുന്ന ഹജ്ജ് ട്രെയിനിംഗ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള മാതൃക മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പിലാക്കാന്‍ ശ്രമിക്കും. പ്രവാസികളായവര്‍ക്ക് ചെറിയ ഹോണറേറിയം നല്‍കി സൗദിയില്‍ അമീറുമാരായി അയച്ചാല്‍ ചെലവ് ചുരുക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ സൗദി കോണ്‍സുലേറ്റിന് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സൗദിയില്‍ ഹാജിമാര്‍ക്കുള്ള ഭക്ഷണത്തിന് കാറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും സഹായകമായ രീതിയില്‍ ഹജ്ജ് യാത്രയുടെ ദിവസങ്ങള്‍ 15 വരെ കുറച്ചുകൊണ്ടുള്ള പ്രത്യേക കാറ്റഗറി കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മൂന്ന് കാറ്റഗറിയായി തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവില്‍ ഹജ്ജ് യാത്രക്ക് 40 ദിവസം വരെയുള്ള പാക്കേജ് നിലനിര്‍ത്തിക്കൊണ്ടായിരിക്കണം ദിവസങ്ങള്‍ കുറച്ച് കൊണ്ടുള്ള പാക്കേജ് അധികമായി നടപ്പാക്കേണ്ടതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സര്‍ക്കാര്‍, സ്വകാര്യ ഹാജിമാരോട് വിവേചനം പാടില്ല. സൗദി കിരീടാവകാശി അടുത്ത് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി രാജ്യത്തിന് ക്വാട്ട കൂട്ടുന്ന കാര്യത്തില്‍ സമ്മര്‍ദം ചെലുത്തണം. ക്വാട്ട അപേക്ഷകരുടെ അനുപാതത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഹജ്ജിനുള്ള വയസ്സ് പരിധി എടുത്തുകളയണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കണം. താമസസ്ഥലത്ത് അന്യസ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നത് ഒഴിവാക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ താമസസ്ഥലം ഒരുക്കണമെന്നും അഭിപ്രായമുണ്ടായി. അസീസിയ്യ കാറ്റഗറിയില്‍ ഹാജിമാര്‍ക്ക് ഹജ്ജിന് ബസ് സംവിധാനമുണ്ടെങ്കിലും തിരക്കുള്ള സമയത്ത് ഗതാഗതസ്തംഭനമുണ്ടാകാറുണ്ട്. ഇത് ഹാജിമാര്‍ക്ക് അസൗകര്യം സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഹറമിന് തൊട്ടടുത്ത് തന്നെ ഹാജിമാര്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തണം. നിലവില്‍ 300 പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന സംവിധാനമാണുള്ളത്. ഇത് 50 പേര്‍ക്ക് സാങ്കേതിക പരിജ്ഞാനത്തോട് കൂടിയ ഒരു മതപണ്ഡിതനായ വളണ്ടിയര്‍ എന്ന ആനുപാതത്തിലാക്കി വളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നു.
യോഗത്തില്‍ ഹാജിമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണുയര്‍ന്നത്.
വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, ബഷീര്‍ പട്ടേല്‍ത്താഴം, ഇ വി മുസ്തഫ, പി എച്ച് താഹ, പി കെ കബീര്‍ സലാല, റംസി ഇസ്മായില്‍, മന്‍സൂര്‍ അഹമ്മദ്, ശെയ്ഖ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.