Sorry, you need to enable JavaScript to visit this website.

മകള്‍ പീഡിപ്പിക്കുന്നു, രഹ്ന ഫാത്തിമക്ക് എതിരേ പരാതിയുമായി മാതാവ്

ആലപ്പുഴ- ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് എതിരേ പരാതിയുമായി മാതാവ്. മകളും മരുമകനും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

രഹ്ന ഫാത്തിമ ഏക മകളാണെന്നും മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയില്‍ പറയുന്നു. മകളും മരുമകനും (രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധര്‍) ചേര്‍ന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് അവിടെനിന്നു ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. രണ്ടുമാസമായി ആലപ്പുഴയില്‍ ബന്ധുവിന് ഒപ്പമാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇനി മകള്‍ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നുമാണ് മാതാവിന്റെ ആവശ്യം.

പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്ന ഫാത്തിമയെ ആലപ്പുഴ നോര്‍ത്ത് പോലീസ് വിളിച്ചുവരുത്തി. മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതു നല്‍കി വിട്ടയച്ചു.

 

Latest News