Sorry, you need to enable JavaScript to visit this website.

നഗ്‌നപൂജ വിവാദം: മന്ത്രവാദി ഒളിവിൽ; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

കൊല്ലം- ചടയമംഗലത്ത് നഗ്‌നപൂജ നടത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതിയായ മന്ത്രിമാദി ഇപ്പോഴും ഒളിവിൽ തന്നെ. 2016 മുതൽ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കലെന്ന പേരിൽ തന്നെ നഗ്‌നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചെന്നായിരുന്നു ആറ്റിങ്ങൾ സ്വദേശിനിയായ യുവതിയുടെ പരാതി. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയതാണ് ആരോപണ വിധേയനായ മന്ത്രവാദി അബ്ദുൽ ജബ്ബാർ. ഇയാളുടെ സഹായി സിദ്ദിഖും യുവതിയുടെ ഭർത്താവും ഒളിവിൽ തന്നെയാണ്. ജബ്ബാറിനായി തമിഴ്‌നാട്ടിലെ തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. അതിനിടെ ജബ്ബാറിനെതിരെ സമാനമായ പരാതി ഉന്നയിച്ച് മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. ഭർത്താവിന്റെ സഹോദരിയടക്കമുള്ള ചില ബന്ധുക്കൾക്കെതിരെയും പരാതിക്കാരിയായ യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 
പോലീസിൽ പരാതി നൽകിയപ്പോൾ തണുപ്പൻ പ്രതികരണമാണ് ഉണ്ടായതെന്നും യുവതി ആരോപിക്കുന്നു. നഗ്‌നപൂജയ്ക്ക് വിസമ്മതിച്ചപ്പോഴേയ്ക്ക് അതിക്രൂരമായ മർദനം ഏൽക്കേണ്ടി വന്നെന്നും യുവതിയുടെ പരാതിയിൽ ആരോപണമുണ്ട്. മന്ത്രവാദിയായ ജബ്ബാർ തുടർച്ചയായി തമിഴ്‌നാട് സന്ദർശനം നടത്താറുണ്ടായിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഇയാളെ അന്വേഷിച്ച് ആളുകൾ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാൻ കാരണം. താടിയും മുടിയും നീട്ടി വളർത്തിയ ജബ്ബാർ കറുത്ത വേഷമാണ് ഇപ്പോഴും ധരിക്കാറുള്ളത്. ഇയാൾ രൂപം മാറ്റിയിട്ടുണ്ടാകുമോയെന്ന സംശയവും പോലീസിനുണ്ട്. മന്ത്രവാദിയാകും മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു പ്രതി. യുവതിയുടെ പരാതിയിൽ ഭർതൃമാതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Latest News