Sorry, you need to enable JavaScript to visit this website.

കെജ്രിവാളിനോട്: ഞങ്ങളാണ് സംഘപരിവാറെന്ന് സന്ദീപ് വാര്യർ; എത്ര തൂത്താലും പോകാത്ത വർഗീയ മാലിന്യമെന്ന് കോൺഗ്രസ്

കോഴിക്കോട് - ഹിന്ദു ദൈവങ്ങളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തെ പരിഹസിച്ച് ബി.ജെ.പിയിൽനിന്ന് അച്ചടക്ക നടപടിക്ക് വിധേയനായ മുൻ വക്താവ് സന്ദീപ് വാര്യർ.
 'നിങ്ങൾ ഇടക്ക് മറന്ന് പോകുന്നു, ഞങ്ങളാണ് സംഘപരിവാർ, നിങ്ങൾ ആം ആദ്മിയാണ്' എന്നാണ് സന്ദീപിന്റെ എഫ്.ബി കുറിപ്പ്. 
 അതിനിടെ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പിയും കെജ്രിവാളിനെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തി. സ്വന്തം ചിഹ്നമായ ചൂലെടുത്ത് തൂത്താലും പോകാത്ത വർഗീയ മാലിന്യമാണെന്നാണ് കെ.സിയുടെ വിമർശം. ബി.ജെ.പി തീറ്റിപ്പോറ്റുന്ന പരിവാർ സംഘടന മാത്രമാണ് ആം ആദ്മി പാർട്ടിയെന്നും അവരുടെ പ്രചാരകൻ മാത്രമാണ് അരവിന്ദ് കെജ്രിവാൾ എന്നും അദ്ദേഹം ആരോപിച്ചു. 'കൊവിഡ് കാലത്ത് ഡൽഹിയിലും തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വർഗീയ നയങ്ങളുടെ തുടർച്ച മാത്രമാണ് ഇപ്പോൾ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്രിവാൾ നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്രിവാൾ. രാജ്യം ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കൽപ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യൻ ജനത തിരിച്ചറിയുമെന്നും അവരെ 'ചൂലെടുത്ത്' അടിച്ചോടിക്കുമെന്നും കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർത്ഥാടനം ഒരുക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നു. 
 സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണമെന്നാണ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ന് ആവശ്യപ്പെട്ടത്. 'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്‌നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം. അതിനാൽ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം പുതിയ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണം. 85 ശതമാനം മുസ് ലിംകളുള്ള ഇൻഡോനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.  അതേസമയം, കെജ്രിവാൾ പറഞ്ഞ ഇൻഡോനേഷ്യൻ റുപിയയുടെ സ്ഥാനം വിനിമയ നിരക്കിൽ നിരവധി ദരിദ്ര രാഷ്ട്രങ്ങളുടെയും പിന്നിലാണെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി. ഇന്നത്തെ കണക്ക് പ്രകാരം ഒരു യു.എസ് ഡോളറിന് 15,550.50 ഇൻഡോനേഷ്യൻ റുപിയ നൽകണം. 2000ൽ ഒരു ഡോളറിന് 7,130 റുപിയ ആയിരുന്നു വിനിമയ നിരക്ക്. ഇതാണ് 22 വർഷം കൊണ്ട് ഇരട്ടിയിലേറെ ഇടിഞ്ഞത്. അതേസമയം, ഒരുഡോളറിന് 82.02 ഇന്ത്യൻ രൂപ നൽകിയാൽ മതി. ഒരു ഇന്ത്യൻ രൂപ 189.70 ഇൻഡോനേഷ്യൻ റുപിയക്ക് തുല്യമാണ്. 70.49 റുപിയ നൽകിയാലാണ് ഒരു പാകിസ്താൻ രൂപ ലഭിക്കുക. അതായത് വിനിമയ മൂല്യത്തിൽ ഇന്ത്യയെക്കാളും പാകിസ്താനെക്കാളും ഏറെ പിറകിലാണ് ഇൻഡോനേഷ്യൻ കറൻസിയെന്നർഥം.

Latest News