Sorry, you need to enable JavaScript to visit this website.

കാലം കാത്തുവെച്ച കാവ്യനീതി 

ഋഷി സുനക് ബ്രിട്ടനിലെ പ്രധാനമന്ത്രിയാവുന്നത് ആഹ്ലാദകരമാണ്. അമേരിക്കയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും ഇന്ത്യൻ വംശജ. നമ്മുടെ പുതിയ തലമുറ തൊഴിലസരങ്ങൾ തേടിയെത്തുന്നത് ഇപ്പോൾ ഈ രാജ്യങ്ങളിലും. കുടിയേറ്റ വിരുദ്ധ നിലപാടെടുക്കാൻ ഇവർക്കാവില്ലെന്നതാണ് പ്രതീക്ഷക്ക് ആധാരം 

 

ഇന്ത്യയിൽ കുടുംബ വേരുകളുള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിലേക്ക്. ഒന്നര മാസം മുമ്പ് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അവസരമാണ് സുനകിന് ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ ബറാക് ഒബാമ പ്രസിഡന്റ് ആയതിനു സമാനമാണ് ബ്രിട്ടനിൽ, അതും കൺസർവേറ്റിവ് പാർട്ടിയിൽ നിന്ന് ഒരു ഏഷ്യക്കാരൻ പ്രധാനമന്ത്രിയായത്.
ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ പ്രധാനമന്ത്രിയായി എത്തുന്നത്. വെള്ളക്കാരൻ സായിപ്പല്ലാത്ത ആദ്യ പ്രധാനമന്ത്രി.  ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ കാലം കാത്തുവെച്ച കാവ്യനീതി കൂടിയാകുമത്. ഒന്നര മാസം മുമ്പ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് കഴിഞ്ഞ ദിവസം രാജിവെച്ചതോടെയാണ് ഋഷി സുനകിന് വീണ്ടും സാധ്യത തെളിഞ്ഞത്.  
  പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പെന്നി മോർഡന്റ് 100 എം.പിമാരുടെ പിന്തുണ നേടാനാകാതെ പിൻമാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 42 ാമത്തെ വയസ്സിലാണ് ഋഷി പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 357 കൺസർവേറ്റിവ് എം.പിമാരിൽ പകുതിയിൽ ഏറെപ്പേരും ഋഷി സുനകിനെ പിന്തുണച്ചു. 
2025 ജനുവരി വരെ  കാലാവധിയുള്ള സുനകിന് കാര്യങ്ങൾ അത്ര തന്നെ എളുപ്പമായിരിക്കില്ല. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് വന്നു. ബ്രിട്ടനിലും സ്ഥിതി ആശാസ്യമല്ല.  തകർന്ന സമ്പദ്വ്യവസ്ഥയും വിലക്കയറ്റവും പലിശ നിരക്ക് വർധനയും ആണ് പ്രധാനമന്ത്രി  നേരിടേണ്ട കടുത്ത വെല്ലുവിളി. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും ഇന്ധന വില നിയന്ത്രിക്കാനും എന്തു ചെയ്യുമെന്നാണ് ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നത്.
ജീവിതച്ചെലവ് കുതിക്കുന്നതു മൂലം യു.കെ ജനത  കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിലക്കയറ്റം അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇത്  കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു. റഷ്യയുടെ ഉക്രൈൻ അധിനിവേശം മൂലം ബ്രിട്ടൻ  കടുത്ത ഊർജ  പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കമ്പനികളും പ്രതിസന്ധിയിലാണ്. ബ്രിക്‌സിറ്റിന് ശേഷം കാര്യങ്ങൾ പഴയ പടിയിലായിട്ടില്ല. അതിനിടയ്ക്കാണ് കോവിഡ് മഹാമാരിയെത്തിയത്. 
സാമ്പത്തിക വിദഗ്ധനായ നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇതേക്കുറിച്ചെല്ലാം ബോധവാനാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും പാർട്ടിയെയും രാജ്യത്തെയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോൾ സ്ഥിരതയും ഐക്യവുമാണ് ആവശ്യം.  ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കൺസർവേറ്റിവ് പാർട്ടി ആസ്ഥാനത്ത് സംസാരിക്കുമ്പോഴാണ് നയം വ്യക്തമാക്കിയത്. രാജ്യത്തെയും പാർട്ടിയെയും ഒരുമിച്ച് കൊണ്ടുപോവുകയെന്നത് മാത്രമാണ് വെല്ലുവിളികൾ മറികടക്കാനുള്ള ഏക വഴി. നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കുമായി നല്ല ഭാവി കെട്ടിപ്പടുക്കണം. രാജ്യത്തെ സമഗ്രതയോടെയും വിനയത്തോടെയും സേവിക്കുമെന്നും സുനക് പറഞ്ഞു.
 ബോറിസ് ജോൺസന് പിൻഗാമിയായെത്തിയ ലിസ് ട്രസ് ചുമതലയേറ്റ് 45 ാം ദിവസം രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാർഥിത്വത്തിന് സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.
പാർലമെന്റിൽ 357 അംഗങ്ങളാണ് കൺസർവേറ്റിവ് പാർട്ടിക്കുള്ളത്. ഇവരിൽ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാർഥിക്കേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ ഋഷിക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാർ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താൻ മത്സരത്തിനില്ലെന്ന് മുൻപ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച പറഞ്ഞിരുന്നു.
പ്രതികാരത്തിന്റെയും കണക്കുവീട്ടലുകളുടെയും കഥ സമീപകാല ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലുണ്ട്. ഭൂരിപക്ഷമുണ്ടായിരുന്ന ഡേവിഡ് കാമറൂണിനെ ബ്രിക്സിറ്റ് എന്ന ആയുധമെടുത്താണ് ബോറിസ് വീഴ്ത്തിയത്.  ജനകീയ അടിത്തറയുള്ള ആളായിട്ടും കാമറൂണിന്റെ വീഴ്ചക്കായി തന്ത്രങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു ജോൺസൺ. അതിന്റെ ഫലമായാണ് തെരേസ മേയെ മറികടന്ന് വമ്പൻ ഭൂരിപക്ഷത്തോടെ 2019 ൽ അധികാരത്തിലെത്തിയത്. സീനിയർ നേതാക്കളെ ഒഴിവാക്കിയാണ് അദ്ദേഹം സുനക്കിനെ ചാൻസലർ പദവിയിലേക്ക് ഉയർത്തിയത്. അതേ  ബോറിസിനെ വീഴ്ത്തിയെന്ന പേരുദോഷം സുനക്കിന്റെ മുന്നേറ്റത്തെ ബാധിക്കുന്നതാണ് പിന്നീട് കണ്ടത്. 2015 ൽ രാഷ്ട്രീയത്തിലിറങ്ങിയ, ധനകാര്യ വിദഗ്ധനായ സുനക്കിന് 2019 ൽ ചാൻസലർ പദവി നൽകിയത്  ബോറിസ് ജോൺസൺ. ഒരു പുതുമുഖത്തിനു സ്വപ്‌നം കാണാൻ കഴിയാത്ത രണ്ടാമൻ പദവി. അങ്ങനെയുള്ള ബോറിസിനെ സുനക് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം ജോൺസൺ ക്യാമ്പിലുണ്ടായിരുന്നു. സുനക്കിന്റെ രാജിയാണ് ബോറിസിനെ പെട്ടെന്ന് വീഴ്ത്തിയത്. ബോറിസിനെ കൈവിട്ടതിന്റെ പേരിൽ നേതാക്കളും അണികളും മുമ്പ് കൈവിട്ടെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ കരകയറ്റാൻ സുനക്കിന് മാത്രമാണ് സാധിക്കുകയെന്ന വിശ്വാസമാണ് ഭൂരിഭാഗം ജനങ്ങൾക്കും. 
യാഷ്‌വീർ - ഉഷ സുനക് ദമ്പതികളുടെ മൂത്ത മകനായി 1980 മെയ് 12 ന് യു.കെയിലെ സതാംപ്ടണിലാണ് ഋഷി സുനക്കിന്റെ ജനനം. മാതാപിതാക്കളുടെ പൂർവികർ പഞ്ചാബിൽ നിന്ന് കുടിയേറിയവരായിരുന്നു. 
അമേരിക്കയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസും ഇന്ത്യൻ വംശജ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും മലയാളികൾ തൊഴിൽ തേടി പലായനം ചെയ്യുന്നു. ഇന്നലെ രാവിലെ കണ്ട ഇൻസ്റ്റ റീലിൽ കണ്ട ഫുഡ് വ്‌ളോഗറായ  സ്മാർട്ട്  പെൺകുട്ടി സംസാരിച്ചത് കുഴിമന്തി കടകളെ കുറിച്ചായിരുന്നു. കേരളത്തിലും യു.എ.ഇയിലും നമുക്ക് കുഴിമന്തി ഇഷ്ടം പോലെ ലഭിക്കും. എന്നാലിപ്പോഴിതാ ലണ്ടന്റെ ഹൃദയഭാഗത്തും റയ്യാൻ എന്ന ഭോജനശാല... അങ്ങനെ പോകുന്നു വിവരണം. ലണ്ടനിലും ഒരു 'ഷറഫിയ' വൈകാതെ രൂപപ്പെടുമെന്നതിന്റെ സൂചന കൂടിയാണിത്. യു.കെയിലെ മാഞ്ചസ്റ്ററിലും ധാരാളം മലയാളികളുണ്ട്. കേരളത്തിലെ പുതിയ തലമുറ തൊഴിലസരങ്ങൾ തേടിയെത്തുന്നത് യു.കെയിലേക്കും യു.എസിലേക്കും യൂറോപ്യൻ രാജ്യങ്ങിലേക്കുമാണ്. കുടിയേറ്റ വിരുദ്ധ നിലപാടെടുക്കാൻ ഇന്ത്യൻ ബന്ധങ്ങളുള്ള ഭരണസാരഥികൾക്കാവില്ലെന്നാണ് പ്രതീക്ഷ.
 

Latest News