Sorry, you need to enable JavaScript to visit this website.

മാനസിക പീഡനം സഹിക്ക വയ്യാതെ  പോലീസുകാരി നാടുവിട്ടെന്ന് പരാതി

തൃശൂർ- മനംമടുത്ത് വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നാടുവിട്ടു.തൃശ്ശൂർ നഗരത്തിലെ സ്റ്റേഷനിലായിരുന്നു സംഭവം. സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഇഷ്ടപ്പെടാത്തതിന് മാനസികപീഡനമെന്നാണ്  ആരോപണം. ഒപ്പം പിങ്ക് പോലീസിന്റെ ഡ്രൈവറാക്കി നിയമനവും.  കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് മെമ്മോ നൽകിയത്. ഇതിന് വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ മറുപടിയും നൽകി. മറുപടി ഇത്തരത്തിലല്ല വേണ്ടത്, താൻ പറയുംപോലെ എഴുതണം എന്നായിരുന്നത്രേ സ്റ്റേഷൻ ഓഫീസറുടെ മറുപടി. കഴിയില്ലെന്നു പറഞ്ഞപ്പോൾ ഇപ്പോൾ അന്വേഷണത്തിലിരിക്കുന്ന എല്ലാ ഫയലുകളും കേസ് ഡയറിയും നൽകാൻ ആവശ്യപ്പെട്ടു. ഇത് വാങ്ങിയ ശേഷം പിങ്ക് പോലീസ് വണ്ടിയുടെ താക്കോൽ കൈയിൽക്കൊടുത്ത് ഇനി ആ ജോലി ചെയ്താൽ മതിയെന്ന് പറഞ്ഞു.
ഇത്തരത്തിൽ മാനസികപീഡനം സഹിക്കവയ്യാതെയാണ് വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ മെഡിക്കൽ അവധി പറഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങളിലെ സംസാരം. വൈകീട്ടായിട്ടും വീട്ടിലെത്താത്തതിനാൽ വീട്ടുകാർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രശ്നം ഗുരുതരമാകുമെന്ന് മനസ്സിലാക്കിയപ്പോൾ ആളെ കാണാതായതായി കേസെടുത്തു. പിന്നീട് പോലീസുകാർ അന്വേഷണമായി. പോലീസുകാരെ പ്രതിസന്ധിയിലാക്കാൻ വീട്ടുകാർ തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ടായി.
പിറ്റേന്ന് അയൽജില്ലയിലെ കൂട്ടുകാരിയുടെ വീട്ടിൽ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് കേസന്വേഷണഫയൽ ആവശ്യപ്പെട്ടപ്പോൾ ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോയതാണെന്ന് സ്ഥാപിക്കാൻ പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മേലുദ്യോഗസ്ഥൻ ശ്രമം നടത്തിയതായി അടക്കംപറച്ചിലുണ്ട്. 
 

Latest News