Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസ്; വിയ്യൂരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു, ആശയക്കുഴപ്പം ബാക്കി

തൃശൂര്‍- ഒരാള്‍ കൊല്ലപ്പെട്ട കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട്  തമിഴ്‌നാട് പോലീസും എന്‍ഐഎയും തൃശൂര്‍ വിയ്യൂര്‍ ജയിലിലും അന്വേഷണം നടത്തി. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട
ജമേഷ മുബീന്‍ വിയ്യൂര്‍ ജയിലില്‍ ആരെയെങ്കിലും കാണാന്‍ എത്തിയിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്.
ഐ.എസ് കേസിലെ മുഖ്യപ്രതി മുഹമ്മദ് അസറുദീനെ ഇയാള്‍ കണ്ടതായി ആദ്യം സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയില്ല.
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘങ്ങളില്‍ ഒരു  സംഘമാണ് വിയ്യൂര്‍  സെന്‍ട്രല്‍ ജയിലിലും ഹൈ സെക്യൂരിറ്റി പ്രിസണിലും  എത്തി സന്ദര്‍ശകരുടെ രേഖകള്‍ പരിശോധിച്ചത്.
2019ല്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദ് അസറുദ്ദീനുമായി ജമേഷ മുബീന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ അസറുദ്ദീനെ ഇയാള്‍ ജയിലില്‍ വന്ന് കണ്ടിരുന്നു എന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍  വിയ്യൂര്‍ ജയിലിലെ സന്ദര്‍ശക പട്ടികയില്‍നിന്ന് ലഭിച്ചില്ല.
കോയമ്പത്തൂര്‍ കാര്‍  സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന് ഇയാളുമായി എന്തെങ്കിലും അടുപ്പം ഉണ്ടോ എന്ന കാര്യമാണ് അന്വേഷണസംഘം പരിശോധിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ഇവര്‍ക്ക് ലഭിച്ചില്ല.
അതിനിടെ വിയൂര്‍ അതി സുരക്ഷാ  ജയിലിലുള്ള എന്‍.ഐ.എ കേസ് പ്രതി അംജദ് അലിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു.ജമേഷ മുബിന്‍ കേരളത്തിലെത്തിയത് അംജദ് അലിയെ കാണാനായിരുന്നുവെന്നും സംശയം ഉണ്ടായി. എന്നാല്‍ പിന്നീട് ഇക്കാര്യത്തിലും ആശയക്കുഴപ്പുമുണ്ടായി.
വിയ്യൂരില്‍ അംജദ് അലിയെ പാര്‍പ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലില്‍ മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നാണ് ജയില്‍ രേഖകളില്‍ നിന്നും വ്യക്തമായത്. 2020 ഒക്ടോബര്‍ അഞ്ചിന് ആണ് ഇയാള്‍  ജയിലിലെത്തിയത്.
അതേസമയം  കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്‍ ജയിലിലെത്തിയിട്ടില്ലെന്ന് വിയ്യൂര്‍ ജയിലധികൃതര്‍ പറയുന്നു. ജമേഷ മുബിന്‍ എന്ന പേരില്‍ ഒരാള്‍ അതിസുരക്ഷാ ജയിലില്‍ എത്തിയിട്ടില്ലെന്നും  മുബിന്‍ ഹഖ് എന്ന പേരില്‍ കൊണ്ടോട്ടി സ്വദേശി അതിസുരക്ഷാ ജയിലില്‍ വന്നിരുന്നതായും ജയില്‍ അധികൃതര്‍ പറഞ്ഞു.
 മലപ്പുറം സ്വദേശിയായ മുബിന്‍ ഹഖ്  2020 ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ അതിസുരക്ഷാ ജയിലില്‍ എത്തിയിട്ടുണ്ട്.  മലപ്പുറത്തെ വിലാസമാണ് ഇയാള്‍ സന്ദര്‍ശക പട്ടികയില്‍ നല്‍കിയിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന കൊണ്ടോട്ടി സ്വദേശി അംജദ് അലിയെ ആണ് ഇയാള്‍ സന്ദര്‍ശിച്ചത്.
അംജദ് അലി ജാമ്യം ലഭിച്ച്  രണ്ട് ദിവസത്തിനകം ജയിലില്‍ നിന്നും പോവുകയും ചെയ്തു.
എന്നാല്‍ അംജദ്  അലിയെ സന്ദര്‍ശിച്ചത് കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ജമേഷ മുബീനാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

 

Latest News