മലപ്പുറം- കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബിൽ അതിക്രമിച്ചു കയറി മാധ്യമപ്രവർത്തകരെ മർദിച്ച കേസിൽ രണ്ടു ആർ.എസ്.എസ് പ്രവർത്തകരെ വാഴക്കാട്‌നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലുൾപ്പെട്ട ആറോളം ആർ.എസ്.എസ് പ്രവർത്തകരെ ഇനിയും പിടികൂടാനുണ്ട്.
വ്യാഴാഴ്ച ആർ.എസ്.എസ് നേതൃത്വത്തിൽ മലപ്പുറം നഗരത്തിലൂടെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഒരു ബൈക്ക് യാത്രക്കാരനെ ആർ.എസ്.എസ് പ്രവർത്തക്കർ മർദ്ദിക്കുന്നത് ചിത്രമെടുത്തതിനാണ് ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുവാദ് സനീനെ എട്ടോളം ആർ.എസ്.എസ് ഗുണ്ടകൾ പ്രസ് ക്ലബിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ചത്. ഫുവാദിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോകുകയും ചെയ്തിരുന്നു.