റിയാദ്- മിഡില്‍ ഈസ്റ്റിലെ പ്രമുഖ മാധ്യമ ഗ്രൂപ്പും മലയാളം ന്യൂസ് പ്രസാധകരുമായ സൗദി റിസര്‍ച്ച് ആന്‍ഡ് മീഡിയ ഗ്രൂപ്പ് (എസ്ആര്‍എംജി) തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 'റിയാദ് സീസണ്‍ 2022' ന്റെ മീഡിയ പാര്‍ട്ണര്‍ കരാറില്‍ ഒപ്പുവച്ചു. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആല്‍ ശൈഖിന്റെ സാന്നിധ്യത്തില്‍ എസ്ആര്‍എംജി സിഇഒ ജുമാന അല്‍റഷീദ് ആണ് കരാരില്‍ ഒപ്പുവെച്ചത്.
പുതിയ മേഖലകളും അതുല്യമായ അനുഭവങ്ങളും ഭാവനാത്മക അന്തരീക്ഷവുമായി തലസ്ഥാന നഗരിയെ റിയാദ് സീസണ്‍ പുളകം കൊള്ളിക്കുമ്പോള്‍ അതിന്റെ ഔദ്യോഗിക മാധ്യമ പങ്കാളിയാകാന്‍ വീണ്ടും അവസരം ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഭാവനകള്‍ക്കപ്പുറം ഗ്രൂപ്പിന്റെ വിവിധ പ്ലാറ്റ്‌ഫോമുകള്‍ ഫോളോ ചെയ്യണമെന്നും ജുമാന അല്‍റശീദ് ട്വീറ്റ് ചെയ്തു.
മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടുമായി ഏകദേശം 165 ദശലക്ഷം ഫോളോവേഴ്‌സുമായാണ് മൂന്നാം റിയാദ് സീസണിന്റെ മാധ്യമ പങ്കാളിയായി എസ്ആര്‍എംജി എത്തുന്നത്. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ ഉള്‍പ്പെടെ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ 30 ലധികം പ്ലാറ്റ്‌ഫോമുകള്‍ വഴി റിയാദ് സീസണ്‍ ഇവന്റുകളും പ്രവര്‍ത്തനങ്ങളും കവറേജ് ചെയ്യാന്‍ എസ്ആര്‍എംജിക്ക് സാധിക്കും.
സന്ദര്‍ശകര്‍ക്ക് മാത്രമായുളള നിരവധി സാംസ്‌കാരികവും സാമൂഹികവുമായ പരിപാടികള്‍ക്കൊപ്പം ഒരു പുതിയ സംവേദനാത്മക ആശയവുമായാണ് കഴിഞ്ഞാഴ്ച ആരംഭിച്ച റിയാദ് സീസണിന്റെ വിവിധ വേദികളില്‍ എസ്ആര്‍എംജി അതിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളുമായി എത്തുന്നത്.