റിയാദ്- സ്വകാര്യ മേഖലയിൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവരെ ഹുറൂബാക്കലും അവർക്ക് മറ്റു തൊഴിലുടമകളിലേക്ക് സ്‌പോൺസർഷിപ് മാറ്റലും നിബന്ധനകൾക്ക് വിധേയമായി മാത്രമേ സാധിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലാളി തൊഴിലിൽ നിന്ന് അപ്രത്യക്ഷനായിട്ടുണ്ടെങ്കിൽ ഇതുവരെ തൊഴിലുടമക്ക് പെട്ടെന്ന് ഹുറൂബ് (ആബ്‌സന്റ് ഫ്രം വർക്ക് എന്നർഥമുള്ള മുതഗയ്യിബുൻ അനിൽ അമൽ) ആക്കാമായിരുന്നു. എന്നാൽ ഇനി മുതൽ 60 ദിവസം തൊഴിലാളി, തൊഴിലിൽനിന്ന് വിട്ടുനിന്നവൻ (ഔട്ട് ഓഫ് വർക്ക് എന്നർഥമുള്ള മുൻഖതിഉൻ അനിൽ അമൽ) എന്ന സ്റ്റാറ്റസിലായിരിക്കും കാണപ്പെടുക. ഇക്കാലയളവിനുള്ളിൽ മറ്റൊരു സ്‌പോൺസറിലേക്ക് മാറുകയോ ഫൈനൽ എക്‌സിറ്റിൽ പോവുകയോ ചെയ്യണം.
ഖിവ പോർട്ടൽ വഴി തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച തൊഴിൽ കരാർ ഇല്ലാതിരിക്കുമ്പോൾ മാത്രമേ തൊഴിലിൽനിന്ന് വിട്ടുനിൽക്കുന്നവൻ എന്ന സ്റ്റാറ്റസിന്റെ പരിധിയിൽ തൊഴിലാളി വരികയുള്ളൂ. സാധുതയുള്ള തൊഴിൽ കരാർ ഉണ്ടാകുമ്പോൾ ഇങ്ങനെ ഹുറൂബ് ആക്കാനാവില്ല. തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെങ്കിൽ ഖിവ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത തൊഴിൽ കരാർ ഇല്ലാതിരിക്കുക, തൊഴിലാളി വിദേശിയായിരിക്കുക, ലേബർ കാർഡ് കാലാവധി മിനിമം 60 ദിവസം ഉണ്ടാകൽ, ഇപ്പോഴും ജോലിയിൽ ഉണ്ട് എന്ന സ്റ്റാറ്റസിൽ ആയിരിക്കൽ, സ്ഥാപനം നിലവിലുണ്ടായിരിക്കൽ എന്നീ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ചുവപ്പ്, പച്ച, പ്ലാറ്റിനം എന്നീ എല്ലാ നിതാഖാത്ത് കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്കും ഈ നിബന്ധനകൾ പ്രകാരം തൊഴിലാളികൾ വിട്ടുനിൽക്കുന്നത് മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാം.
ഇങ്ങനെ തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യാനും വ്യവസ്ഥകളുണ്ട്. വർഷത്തിൽ തൊഴിലാളി തുടർച്ചയായി 15 ദിവസമോ അല്ലെങ്കിൽ ഇടവിട്ട് 30 ദിവസമോ ജോലിയിൽ നിന്ന് കാരണം കൂടാതെ അപ്രത്യക്ഷനായാൽ തൊഴിലുടമക്കോ അദ്ദേഹത്തിന്റെ പകരക്കാരനോ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള കാരണം ഖിവ പോർട്ടലിൽ നിന്ന് തെരഞ്ഞെടുക്കാം. ശേഷം ഈ സന്ദേശം പോർട്ടൽ വഴി തന്നെ ബന്ധപ്പെട്ട വകുപ്പിന് കൈമാറണം. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഈ വിവരം തൊഴിലാളിക്കും ലഭിക്കും. 60 ദിവസം സിസ്റ്റത്തിൽ തൊഴിലിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന സ്റ്റാറ്റസ് കാണിക്കും. സൗദി അറേബ്യയിലെത്തി ഒരു വർഷം പൂർത്തിയാക്കിയവർക്ക് ഇക്കാലയളവിനുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോൺസർഷിപ് മാറാം. അല്ലെങ്കിൽ ഇക്കാലയളവിനുളളിൽ ഫൈനൽ എക്‌സിറ്റ് ഇഷ്യൂ ചെയ്യണം. തൊഴിലാളി വിട്ടുനിൽക്കുന്നതായി റിപ്പോർട്ട് ചെയ്താൽ സ്‌പോൺസറുടെ സിസ്റ്റത്തിൽ ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും കാണില്ല. നിതാഖാത്തിൽ പരിഗണിക്കുകയുമില്ല. പിന്നീട് സ്‌പോൺസർക്ക് അദ്ദേഹത്തെ തിരിച്ചെടുക്കാനും സാധിക്കില്ല. എന്നാൽ വിട്ടുനിന്നതിന്റെ പേരിൽ തൊഴിലാളിക്കെതിരെ കോടതിയെ സമീപിക്കുന്നതിന് സ്ഥാപനത്തിന് തടസ്സമുണ്ടാകില്ല.
ഇത്തരത്തിൽ വിട്ടുനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോൺസർഷിപ് മാറണമെങ്കിൽ പുതിയ തൊഴിലുടമ ഖിവ പോർട്ടൽ വഴി അപേക്ഷ അയക്കണം. തൊഴിലാളി സ്വന്തം ഖിവ അക്കൗണ്ട് വഴി അതിന് സമ്മതിക്കണം. അതോടെ മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കും. പിന്നീട് നിശ്ചിത പണമടച്ച് അബ്ശിർ അല്ലെങ്കിൽ മുഖീം വഴി പുതിയ തൊഴിലുടമ സ്‌പോൺസർഷിപ് സ്വീകരിക്കണം. അതോടെ സർക്കാർ സിസ്റ്റങ്ങളിൽ നിലവിലുള്ള ഹുറൂബ് സ്റ്റാറ്റസ് മാറിക്കിട്ടും. എന്നാൽ ഇഖാമ പുതുക്കുന്നതിനുള്ള ലെവി കുടിശ്ശികയുണ്ടെങ്കിൽ അത് പുതിയ തൊഴിലുടമയാണ് വഹിക്കേണ്ടത്.
നിലവിൽ ഹുറൂബായ തൊഴിലാളിയുടെ സ്‌പോൺസർഷിപ് മാറ്റുമ്പോഴും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. തൊഴിലാളിയുടെ സ്റ്റാറ്റസ് ആബ്‌സന്റ് ഫ്രം വർക്ക് (ഹുറൂബ്) എന്നായിരിക്കണം, പുതിയ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഹുറൂബ് ആയിരിക്കണം. പരമാവധി രണ്ട് പ്രാവശ്യം മാത്രമേ സ്‌പോൺസർഷിപ് മാറാനുള്ള റിക്വസ്റ്റ് സ്വീകരിക്കുകയുള്ളൂ. ഹുറൂബായ സ്‌പോൺസർഷിപ് മാറാനുള്ള വ്യക്തിയുടെ ഇഖാമ അടിക്കുമ്പോൾ തന്നെ ലെവി കുടിശ്ശികയുണ്ടെങ്കിൽ അത് സിസ്റ്റത്തിൽ കാണിക്കും. ഹുറൂബ് കാൻസൽ ആകുന്നതോടെ ലെവി കുടിശ്ശിക അടയ്ക്കുമെന്ന് പുതിയ തൊഴിലുടമ സമ്മതിക്കണം. ശേഷം റിക്വസ്റ്റ് അയക്കണം. നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് തൊഴിലുടമക്ക് സന്ദേശമെത്തും. എന്നാൽ 15 ദിവസത്തിനകം മറുപടി വരാതിരിക്കുകയോ നാഷണൽ ഇൻഫർമേഷൻ സെന്ററിൽ നിന്ന് സ്‌പോൺസർഷിപ് മാറ്റം നിരസിക്കുകയോ ചെയ്താൽ ഹുറൂബ് പിൻവലിക്കപ്പെടുകയില്ല. തൊഴിലാളി ഹുറൂബ് ആയി തുടരും.
തൊഴിലിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് കാണിച്ച് തൊഴിലുടമ പരാതി നൽകി 60 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റിന് അപേക്ഷിക്കാം. ജവാസാത്തിൽ നിന്ന് അനുമതി ലഭിക്കുന്നതോടെ ഫൈനൽ എക്‌സിറ്റിൽ പോകാം. എന്നാൽ 60 ദിവസത്തിനകം സ്‌പോൺസർഷിപ് മാറുകയോ ഫൈനൽ എക്‌സിറ്റ് ഇഷ്യൂ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ സർക്കാർ സിസ്റ്റങ്ങളിൽ ആബ്‌സന്റ് ഫ്രം വർക്ക് എന്ന ഹുറൂബ് സ്റ്റാറ്റസിലേക്ക് മാറും. അതേസമയം ഫൈനൽ എക്‌സിറ്റ് അടിച്ച് സമയപരിധിക്കകം രാജ്യം വിട്ടിട്ടില്ലെങ്കിൽ ഔട്ട് ഓഫ് വർക്ക് (മുൻഖതിഉൻ അനിൽ അമൽ) എന്ന സ്റ്റാറ്റസിലായിരിക്കും ഉണ്ടാവുക þ-മന്ത്രാലയം അറിയിച്ചു.
ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി |