റിയാദ് - സൗദിയിലേക്കുള്ള സന്ദർശക വിസക്ക് അനുവദിച്ച ഫീസിളവ് ഇന്ത്യയിൽനിന്നുളള ബിസിനസ് വിസ അടക്കമുള്ള എല്ലാ സന്ദർശക വിസകൾക്കും ബാധകം. ഇന്നലെ മുംബൈ കോൺസുലേറ്റിൽനിന്ന് ബിസിനസ് വിസകളും 305 റിയാൽ ഫീസ് നൽകിയാണ് ഏജൻസികൾ സ്റ്റാമ്പ് ചെയ്തത്. എല്ലാ സന്ദർശക വിസകൾക്കും ഫീസിളവ് ലഭ്യമായതോടെ അപേക്ഷകർ വർധിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇൻജാസ് വെബ്‌സൈറ്റിൽ ഫാമിലി വിസക്കും സന്ദർശക വിസക്കും സിംഗിൾ എൻട്രിക്ക് 81.34 ഡോളറും മൾട്ടിപ്പിൾ എൻട്രിക്ക് 132 ഡോളറുമാണ് അപ്ലിക്കേഷൻ ചാർജായ 10.50 ഡോളറിനോടൊപ്പം സ്വീകരിക്കുന്നത്. തിങ്കളാഴ്ച വരെ 2000 റിയാലിന് തുല്യമായ ഡോളറാണ് അടയ്‌ക്കേണ്ടിയിരുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസ വിഭാഗത്തിലെ ഇൻവിറ്റേഷൻ ലെറ്റർ പൂരിപ്പിച്ച് ഓൺലൈൻ ചേംബർ അറ്റസ്‌റ്റേഷൻ നടത്തിയാണ് ബിസിനസ് വിസിറ്റിന് അപേക്ഷ നൽകുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് ധാരാളം കുടുംബങ്ങൾ സൗദിയിൽ സന്ദർശക വിസയിലെത്തുമെന്നാണ് പ്രതീക്ഷ.
ഫീസിളവ് സ്ഥിരീകരിച്ച ഇന്നലെ തന്നെ സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസികൾ ഫാമിലി സന്ദർശക വിസക്ക് അപേക്ഷിച്ചു. നേരത്തെ ചേംബർ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റേഷന് അതത് കേന്ദ്രങ്ങളിൽ നേരിട്ടെത്തേണ്ടിവന്നിരുന്നുവെങ്കിലും ഇപ്പോൾ അറ്റസ്‌റ്റേഷനും ഓൺ ലൈനിലായതോടെ വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ എളുപ്പമായി.
എന്നാൽ അറ്റസ്റ്റേഷൻ പൂർത്തിയായതായി കാണിച്ച് ഒരാഴ്ച വരെ താമസിച്ചാണ് ഫാമിലി വിസക്ക് വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകുന്നത്. ഈ റഫറൻസ് സ്ലിപ്പാണ് നാട്ടിലേക്ക് അയച്ചുകൊടുക്കുന്നത്.
നാട്ടിൽ വേനലവധിയായതിനാലാണ് മിക്ക പ്രവാസികളും കുടുംബങ്ങളെ കൊണ്ടുവരാൻ വിസാ അപേക്ഷ നൽകുന്നത്. ജീവനക്കാരിൽ കൂടുതൽ പേർ വിസക്ക് അപേക്ഷിക്കുന്നതിനാൽ ചില സ്ഥാപനങ്ങൾ സ്റ്റാമ്പിംഗിന് ട്രാവൽ ഏജൻസികളുമായി കരാറിലെത്തുകയും ചെയ്തു.
ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഫീസിളവ് ലഭ്യമായതോടെ സൗദിയിലെ വാണിജ്യ മേഖലയിൽ പുത്തനുണർവ് പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. റീട്ടെയിൽ, സിവിൽ ഏവിയേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങി എല്ലാ മേഖലയിലും വ്യാപാരികൾ പ്രതീക്ഷയിലാണ്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് കുടുംബങ്ങളെ ഒരിക്കലെങ്കിലും സൗദിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് ഇന്ത്യക്കാരെന്നതിനാൽ അടുത്ത മാസം മുതൽ കൂടുതൽ പേർ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.