മലപ്പുറം- എസ്.എസ്.എൽ.സിയിൽ മലപ്പുറത്തിനു മിന്നുന്ന വിജയം. 95.53 ശതമാനമായിരുന്നു കഴിഞ്ഞ
തവണ ജില്ലയുടെ വിജയ ശതമാനമെങ്കിൽ ഇത്തവണ 97.76 ലെത്തി. വിജയ ശതമാനത്തിൽ ജില്ലയുടെ സ്ഥാനം പതിനൊന്നാം സ്ഥാനത്താണ്. എപ്ലസ് നേടിയ മിടുക്കരുടെ എണ്ണത്തിലും മലപ്പുറം എപ്ലസ് നിലനിർത്തി. 5702 വിദ്യാർഥികളാണ് ജില്ലയിൽ ഇത്തവണ മുഴുവൻ വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 3640 പേർക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചത്. 2062 എപ്ലസുകാരുടെ വർധനവുണ്ടായി. ജില്ലയിൽ കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത് 80,584 പേരാണ്. 3640 പേർ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മാത്രം 26,973 പേർ പരീക്ഷ എഴുതി. മലപ്പുറം വിദ്യാഭ്യാസ ജില്ല തന്നെയാണ് ഇക്കാര്യത്തിൽ സംസ്ഥാനത്ത് മുന്നിൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ എയ്ഡഡ് സ്‌കൂൾ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരാണ്. പരീക്ഷയെഴുതിയ 1023 പേരും വിജയിച്ചു. സർക്കാർ സ്‌കൂൾ ജി.എച്ച്.എസ്.എസ്. മഞ്ചേരിയാണ് -469 പേർ. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയതും ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയതും എടരിക്കോട് പി.കെ.എം.എച്ച്.എസാണ്. ഇവിടെ 2422 കുട്ടികൾ പരീക്ഷ എഴുതിയതിൽ 290 കുട്ടികൾക്കു എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി റെക്കോഡിട്ടു. കഴിഞ്ഞ തവണയും എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് തന്നെയാണ് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയതും ഏറ്റവും കൂടുതൽ മുഴുവൻ എപ്ലസ് നേട്ടം സ്വന്തമാക്കിയതും. അതേസമയം അഞ്ചു കുട്ടികളുടെ തോൽവിയാണ് എടരിക്കോടിനു നൂറു ശതമാനം എന്ന നേട്ടം നഷ്ടമായത്. 2422 ൽ 2417 വിദ്യാർഥികളും ഇവിടെ വിജയിച്ചു.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ എപ്ലസ് നേടിയ ജില്ലയും മലപ്പുറമാണ്. പെൺകുട്ടികളാണ് എപ്ലസുകാരിൽ മിടുക്കു കാട്ടിയത്. 4006 വിദ്യാർഥിനികളാണ് ജില്ലയിൽ എപ്ലസ് നേടിയത്. 1696 ആൺകുട്ടികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി. സർക്കാർ സ്‌കൂളുകളിലെ 1410 വിദ്യാർഥികളും എയ്ഡഡ് മേഖലയിലെ 3275 കുട്ടികളും അൺഎയ്ഡഡ് മേഖലയിൽ 1017 വിദ്യാർഥികളും എപ്ലസുകാരായി.
79,708 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ ജില്ലയിൽ 77,922 പേർ തുടർപഠനത്തിനു അർഹത നേടിയിട്ടുണ്ട്. ജില്ലയിലെ 139 സ്‌കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്. കഴിഞ്ഞ തവണ 116 സ്‌കൂളുകൾ നൂറുമേനി കൊയ്തിരുന്നു. 21 സർക്കാർ സ്‌കൂളുകളാണ് നൂറു മേനി വിജയം സ്വന്തമാക്കിയത്. എയ്ഡഡ് മേഖലയിൽ 11 സ്‌കൂളുകൾ നൂറുമേനി കൊയ്തപ്പോൾ അൺഎയ്ഡ് സ്‌കൂളുകളിൽ 107 സ്‌കൂളുകളും ഈ നേട്ടത്തിനു അർഹരായി.
ജില്ലയിൽ സർക്കാർ സ്‌കൂളുകളിൽ നിന്നു പരീക്ഷ എഴുതിയ 28476 കുട്ടികളിൽ 27744 പേർ യോഗ്യത നേടി. എയ്ഡഡ് മേഖലയിൽ 44309 കുട്ടികളിൽ 43277 പേരാണ് തുടർപഠനത്തിനു അർഹരായത്. അൺ എയ്ഡഡ് മേഖലയിൽ പരീക്ഷ എഴുതിയ 6923 കുട്ടികളിൽ 6901 കുട്ടികളും ഉന്നത പഠനത്തിനു യോഗ്യത നേടി. ആരോപണങ്ങളെ മറികടന്നാണ് ജില്ലയിലെ കുട്ടികൾ തുടർ പഠനത്തിനു അർഹത നേടിയതെങ്കിലും പകുതിയോളം പേർക്കു തുടർപഠനത്തിനാവശ്യമായ സൗകര്യങ്ങൾ ജില്ലയിൽ ഒരുക്കാൻ സർക്കാരുകൾക്ക് ആയിട്ടില്ല. കഴിഞ്ഞ വർഷം നേരിട്ട പ്രതിസന്ധി പോലെ നാൽപതിനായിരത്തോളം കുട്ടികൾ ഇത്തവണയും പ്ലസ്ടു സീറ്റ് ലഭിക്കാതെ നെട്ടോട്ടമോടേണ്ടിവരും. തെക്കൻ ജില്ലകളിൽ പ്ലസ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ജില്ലയിലെ കുട്ടികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ഇക്കുറിയും ഉണ്ടാകും.
നൂറുമേനി സ്വന്തമാക്കിയത് 21 ഗവൺമെന്റ് സ്‌കൂളുകൾ
മലപ്പുറം- ജില്ലയിൽ 139 സ്‌കൂളുകൾ നൂറുമേനി വിജയം കൊയ്തപ്പോൾ 21 ഗവൺമെന്റ് സ്‌കൂളുകളാണ് നൂറുമേനി പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ തവണ 119 സ്‌കൂളുകൾ നൂറുമേനി നേട്ടം കൊയ്തിരുന്നു.
നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകൾ, ബ്രാക്കറ്റിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ
ജിജിഎച്ച്എസ്എസ് മഞ്ചേരി (469), ജിഎച്ച്എസ്എസ് കാവനൂർ (402), ജിവിഎച്ച്എസ്എസ് നെല്ലിക്കുത്ത് (254), ജിജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണ (198), ജിവിഎച്ച്എസ്എസ് കീഴുപറമ്പ് (195), ജിവിഎച്ച്എസ്എസ് ഓമാനൂർ (161), ജിവിഎച്ച്എസ്എസ് അരിമ്പ്ര (146), ജിഎച്ച്എസ്എസ് അഞ്ചച്ചവിടി (120), ജിഎച്ച്എസ്എസ് തടത്തിൽപറമ്പ്(112), ജിഎച്ച്എസ്എസ് പന്നിപ്പാറ (113), ജിഎച്ച്എസ്എസ് ചെറിയമുണ്ടം (95), ജിവിഎച്ച്എസ്എസ് മുതുവല്ലൂർ (91), ജിഎച്ച്എസ് കൊളപ്പുറം (84), ജിഎച്ച്എസ്എസ് മുണ്ടേരി (80), ജിഎച്ച്എസ് കാപ്പ് (77), ജിഎച്ച്എസ് വെറ്റിലപ്പാറ (69), ജിഎച്ച്എസ് ഉറുഗ (62), ജിഎച്ച്എസ് കാപ്പിൽകാരാട് (56), ജിഎച്ച്എസ് ചേരിയം മങ്കട (53), ഐജിഎംഎംആർഎസ് നിലമ്പൂർ (35), ജിആർഎഫ്്ടിഎച്ച് താനൂർ (10).
എയ്ഡഡിൽ 11 സ്‌കൂളുകൾക്ക് നൂറുമേനി
മലപ്പുറം- എയ്ഡഡ് മേഖലയിൽ 11 സ്‌കൂളുകൾക്കാണ് നൂറു ശതമാനം കൊയ്യാനായത്. കഴിഞ്ഞ തവണ മൂന്ന് എയ്ഡഡ് സ്‌കൂളുകളാണ് നൂറുമേനി നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം നേടിയത് ജില്ലയിലെ കോട്ടൂർ എകെഎംഎച്ച്എസ്എസ് സ്‌കൂളാണ്. 1023 കുട്ടികളാണ് ഇവിടെ വിജയം നേടിയത്. നൂറു ശതമാനം വിജയം നേടിയ മറ്റു എയ്ഡഡ് സ്‌കൂളുകൾ. ബ്രാക്കറ്റിൽ വിദ്യാർഥികളുടെ എണ്ണം.
അയ്യൂർ എച്ച്എസ്എസ് പറപ്പൂർ (839), എഎംഎംഎച്ച്എസ് പുളിക്കൽ (466), എസ്ഒഎച്ച്എസ് അരീക്കോട് (415), ടിഎച്ച്എസ് അങ്ങാടിപ്പുറം (355), എഎച്ച്എസ് പാറൽ മമ്പാട്ട്മൂല (338), ക്രസന്റ് എച്ച്എസ് ഒഴുകൂർ (331), എച്ച്ഐഒഎച്ച്എസ് ഒളവട്ടൂർ (321), ഐഒഎച്ച്എസ് എടവണ്ണ (292), പിഎംഎസ്എ വിഎച്ച്എസ് ചാത്തനങ്ങാടി (237), സെന്റ് ജെമ്മാസ് ജിഎച്ച്എസ് മലപ്പുറം (151).
വിജയഭേരി മുഴക്കി വീണ്ടും മലപ്പുറം
മലപ്പുറം -2001 മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് മലപ്പുറത്തിന്റെ എസ്എസ്എൽസി ഫലം വർധിക്കാൻ തുടങ്ങിയത്. 2001 ന് മുമ്പ് സംസ്ഥാന ശരാശരിാേക്കാൾ 23 ശതമാനം പിറകിലായിരുന്ന ജില്ല ഇന്നു സംസ്ഥാന ശരാശരിയോടൊപ്പമെത്തി നിൽക്കുന്നു. എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മറ്റു ജില്ലകളേക്കാൾ ഏറെ മുന്നിലാണ് മലപ്പുറം ജില്ല. ജില്ലയുടെ മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ എന്നിവർ അഭിനന്ദിച്ചു.