ജിദ്ദ- വ്യവസ്ഥകൾ പൂർത്തീകരിച്ച് ലൈസൻസ് നേടാത്ത 19 ആശുപത്രികൾ ജിദ്ദയിലുണ്ടെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. മറ്റു സർക്കാർ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ നേടാൻ ഈ ആശുപത്രികൾക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിന് ആശുപത്രികൾക്ക് ആറു മാസം കൂടി സമയം അനുവദിച്ചതായി ജിദ്ദ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ കടുത്ത വ്യവസ്ഥകളും വ്യവസ്ഥകൾ തമ്മിലുള്ള വൈരുധ്യങ്ങളുമാണ് ലൈസൻസ് നേടുന്നതിന് ആശുപത്രികൾക്ക് തടസ്സം.
സ്വകാര്യ ആശുപത്രി, ഹെൽത്ത് സെന്റർ ഉടമകൾ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. നേരത്തെ, ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായും ആശുപത്രി ഉടമകൾ പ്രശ്‌നം ചർച്ച ചെയ്തിരുന്നു.
വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഓരോ വകുപ്പും കടുംപിടിത്തം തുടരുന്നതിനു പുറമെ, എളുപ്പം നടപ്പാക്കാൻ കഴിയാത്ത പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നുവെന്നാണ് ആശുപത്രി ഉടമകളുടെ പരാതി. ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങൾക്കും ഏക ജാലക സംവിധാനം ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ ഏക ജാലക സംവിധാനം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താവുന്നതാണന്നും അവർ പറയുന്നു.
സൗദി ജീവനക്കാരെ ലഭ്യമല്ലാത്തതും വിദേശങ്ങളിൽനിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കടുത്ത വ്യവസ്ഥകളും ആശുപത്രികൾക്ക് തടസ്സമാകുന്നു. നിശ്ചിത എണ്ണം വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള പാർക്കിംഗ് സൗകര്യം വേണം എന്നതടക്കം കെട്ടിടങ്ങൾക്ക് ബാധകമായ കർശന വ്യവസ്ഥകളുമുണ്ട്. ഇതിനു പുറമെയാണ് വകുപ്പുകൾ നിഷ്‌കർഷിക്കുന്ന വ്യവസ്ഥകൾ തമ്മിലുള്ള വൈരുധ്യങ്ങൾ. സ്വകാര്യ ആശുപത്രികൾക്കും ഹെൽത്ത് സെന്ററുകൾക്കും ലൈസൻസ് നൽകുന്ന പൊതുപ്ലാറ്റ്‌ഫോം ഇല്ലാത്തതും ലൈസൻസ് നടപടികൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു.
അതേസമയം, വാണിജ്യ-നിക്ഷേപ മന്ത്രാലയം, മുനിസിപ്പൽ മന്ത്രാലയം, സിവിൽ ഡിഫൻസ്, സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികളും വ്യവസ്ഥകളും ഏകീകരിക്കാൻ ശ്രമിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിൽ നിക്ഷേപം എളുപ്പമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ നാഷണൽ ലൈസൻസ് കമ്മീഷൻ വഴി ബന്ധിപ്പിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ലൈസൻസ് നടപടികൾ ലഘൂകരിക്കാനും വ്യവസ്ഥകൾ ഏകീകരിക്കാനും ശ്രമിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.