Sorry, you need to enable JavaScript to visit this website.

കഞ്ചാവ് കേസ് പ്രതി ചെന്നു കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പിൽ

കോട്ടയം- കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചപ്പോൾ  ചെന്നു കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പിൽ.  യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ കെ. കൻസിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് ഇവിടേക്ക് ഓടിക്കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ യുവാവിനെ കണ്ടു. 'കുറച്ചുപേർ കൊല്ലാൻ വരുന്നു.രക്ഷിക്കണ'മെന്നാണ് ഇയാൾ  പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാർ ഷെഡിനുളളിലേക്ക് കൊണ്ടു പോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങലിലായി. തുടർന്നു കൻസി അയൽ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി. അവരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു. തുടർന്നു പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിനു മുൻപ് എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥൻ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണെന്നു ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്നു നാട്ടുകാരുടെ സാന്നിധ്യത്തിൽ പ്രതിയെ എക്‌സൈസിനു കൈമാറി. കേസിൽ ഇതോടെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ടവരിൽ ഒരാളെ കൂടി കിട്ടാനുണ്ടെന്നു എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിടികൂടിയ കൻസിയെ നാട്ടുകാരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

Latest News