കൊച്ചി- ഇലന്തൂര്‍ ആഭിചാരക്കൊലപാതകക്കേസിലെ പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് ആവശ്യമായി വന്നാല്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ ഷാഫിയെ സഹായിച്ചതായി കരുതുന്ന ഒരാള്‍ കൂടി കേസില്‍ പ്രതിയാകുമെന്നാണ് സൂചനകള്‍. പോലീസ് ഔദ്യോഗികമായി ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഷാഫിയെ സഹായിച്ച ആളെ തിരിച്ചറിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചില സൈബര്‍തെളിവുകള്‍ കൂടി ലഭിച്ചാല്‍ ഇയാളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ ഷാഫിക്ക് വേണ്ടി ഫേസ്ബുക്കില്‍ ഭഗവല്‍സിംഗുമായി നിരന്തരം ചാറ്റ് ചെയ്ത് നരബലിയുടെ ആസൂത്രണത്തില്‍ സഹായിച്ചത് ഇയാളാണെന്നാണ് നിഗമനം. ഭഗവല്‍ സിംഗുമായി ഈ വ്യക്തി ഫോണില്‍ സംസാരിക്കുകയും സന്ദേശമയക്കുകയും ചെയ്തിരുന്നതായാണ് സൂചന. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കോലഞ്ചേരിയില്‍ വൃദ്ധയെ ക്രൂരമായി ബലാംത്സഗം ചെയ്ത കേസില്‍ ഷാഫി ജയിലിലായിരുന്ന സമയത്തും 'ശ്രീദേവി' എന്ന എക്കൗണ്ട് ആക്ടീവായിരുന്നുവെന്നും ഭഗവല്‍സിങ്ങുമായി ചാറ്റിങ്ങ് നടന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയതാണ് നിര്‍ണായകമായത്. കൃത്യത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും നരബലിക്കുള്ള ഗൂഢാലോചനയില്‍ ഈ വ്യക്തിക്കും പ്രധാന പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വ്യക്തമായ തെളിവുകളുടെ അടസ്ഥാനത്തില്‍ മാത്രമായിരിക്കും ഈ വ്യക്തിയുടെ അറസ്റ്റ് ഉണ്ടാകുക.