കോഴിക്കോട്- ആശുപത്രിയില്‍ കഴിയുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ കുറിപ്പ്.
വിശ്രമത്തിനു വേണ്ടി മാത്രമായി ഉസ്താദ് എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നത് എന്റെ ഓര്‍മ്മയില്‍ ഇല്ല. ഉറങ്ങുന്ന അല്‍പ സമയം മാറ്റി നിര്‍ത്തിയാല്‍, ബാക്കിയുള്ള നേരം മുഴുവന്‍ ഏതെങ്കിലും തരത്തിലുള്ള അധ്വാനത്തിലായിരിക്കുക എന്നതാണ് ഉസ്താദിന്റെ ശൈലി. പഠന കാലത്തും അങ്ങിനെ തന്നെയായിരുന്നു ജീവിതം എന്നാണ് സഹപാഠികളില്‍ നിന്നും കേട്ടത്. ദീര്‍ഘകാലത്തെ ആ ശൈലിക്ക് ഇടര്‍ച്ച സംഭവിച്ച 14 ദിവസങ്ങളാണ് ഉസ്താദിന്റെ ജീവിതത്തില്‍ കടന്നു പോയത്. കണ്‍മുന്നില്‍ എപ്പോഴും ഉസ്താദിനെ കണ്ടുകൊണ്ടിരുന്ന നമ്മുടെ ജീവിതത്തിലും ഈ ഇടര്‍ച്ചയുണ്ട്. ദിനേന നേരിട്ടും അല്ലാതെയും തന്നോട് ആവലാതികള്‍ ബോധിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അവരുടെ നാനാവിധ പ്രശ്‌നങ്ങളിലെ അവസാന തീരുമാനം ഉസ്താദിന്റെ അഭിപ്രായങ്ങള്‍ ആയിരുന്നു. ആ അഭിപ്രായങ്ങളില്‍ നാം നമ്മുടെ പ്രയാസങ്ങളെ ഇറക്കി വെച്ചു, പ്രതിസന്ധികളെ അതിജയിച്ചു, ആത്മീയമായ ഉണര്‍വുകള്‍ നേടി, പ്രാര്‍ഥനകളില്‍ നിര്‍വൃതി കണ്ടെത്തി. കയ്യെത്തും ദൂരത്തുണ്ടായിരുന്ന ആ തണലും സായൂജ്യങ്ങളുമെല്ലാം താല്‍ക്കാലികമായെങ്കിലും മുറിഞ്ഞുപോയ ദിവസങ്ങളായിരുന്നു നമുക്കീ 14 ദിവസങ്ങള്‍. ഉസ്താദിനെ നമ്മള്‍ ഏറ്റവും സന്തോഷത്തോടെയും ഊര്‍ജ്ജസ്വലതയോടെയും കാണുന്ന മാസമാണല്ലോ റബീഉല്‍ അവ്വല്‍ എന്നോര്‍ക്കുമ്പോള്‍ ഈ ഇടര്‍ച്ചയുടെ ആഴം വര്‍ധിക്കുന്ന പോലെ തോന്നുന്നു.
രോഗ വിവരങ്ങള്‍ തിരക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വിളിക്കുന്നു, പ്രാര്‍ഥനകള്‍ അറിയിക്കുന്നു. അതിന്റെ ആശ്വാസങ്ങള്‍ ഉസ്താദിന്റെ ചികിത്സയില്‍ നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാലും പഴയ അധ്വാനങ്ങളിലേക്ക് ചടുലതയോടെ മടങ്ങിയെത്തുമ്പോഴേ നമ്മെ സംബന്ധിച്ചടുത്തോളം ഉസ്താദിന്റെ രോഗ മുക്തി പൂര്‍ണ്ണമാവുകയുള്ളൂ. അപ്പോഴേ നമുക്ക് സംഭവിച്ച ഇടര്‍ച്ചകളും മാറിക്കിട്ടുകയുള്ളൂ. അതുവരെയും അല്ലാഹുവോട് നിരന്തരമായി പ്രാര്‍ഥിക്കുക. ഉസ്താദ് ഏറ്റവും പ്രിയം വെച്ച തിരുനബിയോരുടെ മേല്‍ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കുക. നമ്മുടെ പ്രതിസന്ധികളില്‍, രോഗങ്ങളില്‍ ആശ്വസിപ്പിക്കാന്‍ ഉസ്താദ് നിര്‍ദേശിച്ച ദിക്‌റുകള്‍, ദുആകള്‍ ഇപ്പോള്‍ ഉസ്താദിനു വേണ്ടി ചൊല്ലുക. ഉസ്താദിന്റെ ആയുരാരോഗ്യത്തിലൂടെ ഈ സമൂഹത്തെ, സമുദായത്തെ അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ. ആമീന്‍.