കോഴിക്കോട്- ഒരാഴ്ച മുമ്പ് സംസ്ഥാന പോലീസ് മേധാവി പോലീസ് സേനയിലെ സാധാരാണ പോലീസ് കോൺസ്റ്റബിൾ മുതൽ ഡി.ജി.പിയായ താൻ അടക്കമുള്ളവർക്ക് ബാധകമാകുന്ന വളരെ സുപ്രധാനമായ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. പോലീസ് സേനയുടെ ചുമതലയുള്ള മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉയർന്നു വന്ന നിർദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പോലീസ് സേനയിലെ എല്ലാവർക്കും ബാധകമായ 25 കർശന നിർദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകൾ വഴി ഇത് എല്ലാ പോലീസുകാരിലേക്കും എത്തിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു.
പോലീസുകാർ ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഈ സർക്കുലർ വായിച്ചാൽ കൃത്യമായി ബോധ്യപ്പെടും. ക്രിമിനലുകളുമായി യാതൊരു ബന്ധവും പാടില്ല എന്ന കുറിപ്പോടെ നൽകിയ സർക്കുലറിൽ താഴെക്കിടയിലുള്ള പോലീസുകാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഏതെല്ലാം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നുവെന്നതിന്റെ സൂചനയുണ്ട്.
കസ്റ്റഡി മരണം, പ്രതികളെ ലോക്കപ്പിൽ മൂന്നാം മുറയ്ക്ക് വിധേയമാക്കൽ, പരാതിക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കൽ, മയക്കുമരുന്നു സംഘങ്ങളുമായും മറ്റ് കള്ളക്കടത്ത് സംഘങ്ങളുമായും ബന്ധം വെയ്ക്കുകയും അവർക്ക് ഒത്താശ നടത്തുകയും ചെയ്യൽ, കൈക്കൂലി വാങ്ങി കേസ് ഇല്ലാതാക്കൽ, ജീവിത പങ്കാളിയുടെയോ മറ്റു ബന്ധുക്കളുടെയോ പേരിൽ ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് ക്വാറികളോ അല്ലെങ്കിൽ അത്തരത്തിലുള്ള അനധികൃത ബിസിനസുകളോ നടത്തൽ, പ്രതികളിൽ നിന്ന് പണം വാങ്ങി പരാതികൾ മുക്കുകയോ അല്ലെങ്കിൽ തുടർ നടപടികൾ ഒഴിവാക്കുകയോ ചെയ്യൽ ഇങ്ങനെ പോലീസുകാർ ഏർപ്പെടുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് സർക്കുലറിൽ വിശദമായി പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന ഇന്റലിജൻസ് വിംഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ കൈവശമുണ്ടെന്നും സർക്കുലറിൽ പോലീസ് മേധാവി സൂചിപ്പിക്കുന്നുണ്ട്.
അതായത് പോലീസുകാരുടെ ഭാഗത്ത് നിന്ന് ക്രിമിനൽ നടപടികൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും സംസ്ഥാന ഇന്റലിജൻസിനുമെല്ലാം കൃത്യമായ വിവരങ്ങളുണ്ട്. പക്ഷേ നടപടികളൊന്നും എടുക്കുന്നില്ലെന്ന് മാത്രം. ഈ സർക്കുലർ ഇറങ്ങിയ അടുത്ത ദിവസങ്ങളിലാണ് കൊല്ലത്ത് സൈനികനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച വാർത്തയും, പോലീസുകാരൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച വാർത്തയും, മലപ്പുറത്ത് വിദ്യാർഥികളെ അകാരണമായി മർദിച്ച വാർത്തയും, നീലച്ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചതിനെതിരെ പരാതി നൽകാനെത്തിയ യുവതിയുടെ മുന്നിൽ വെച്ച് എസ്.ഐ നീലച്ചിത്രം കണ്ട് ആസ്വദിച്ചതടക്കം പോലീസിനെതിരെ നിരവധി പരാതികൾ ഉയർന്നത്.
ഒരു കാര്യം വളരെ വ്യക്തമാണ്. പോലീസ് മേധാവി സർക്കുലർ ഇറക്കിയതുകൊണ്ടൊന്നും കേരളത്തിലെ പോലീസ് സേന മാറാൻ പോകുന്നില്ല. പോലീസുകാരുടെ പെരുമാറ്റം മാന്യമാകണമെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് 12 സർക്കുലറുകളാണ് ഏതാനും വർഷത്തിനുള്ളിൽ വിവിധ പോലീസ് മേധാവികൾ ഇറക്കിയത്. എന്നാൽ ക്രിമിനലുകളായ പോലീസുകാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
കൊല്ലത്ത് സൈനികനെയും സഹോദരനെയും ഇല്ലാത്ത കേസിൽ കുടുക്കി മർദിച്ചതിനെതിരെ പോലീസ് സേനയ്‌ക്കെതിരെയുള്ള അന്വേഷണത്തിന് പട്ടാള ഉദ്യോഗസ്ഥർ തന്നെ രംഗത്തിറങ്ങിയത് സേനയക്ക് നാണക്കേടായിരിക്കുകയാണ്.
ഇടിമുറികളും ഖാപ്പ് പഞ്ചായത്തുകളുമായി മാറുകയാണ് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകൾ. പ്രതികൾക്ക് മാത്രമല്ല, പാരാതിക്കാരായി സ്റ്റേഷനിലെത്തുന്നവരും മൂന്നാം മുറയ്ക്ക് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സ്ത്രീപീഡന കേസുകളിൽ അടക്കം പ്രതികൾക്ക് വേണ്ടി ഒത്തുതീർപ്പു നടത്തുന്നതായുള്ള പരാതി വ്യാപകമാണ്. ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെപ്പോലെ ഇവിടെ ഒത്തുതീർപ്പ് വ്യവസ്ഥ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതുമെല്ലാം പോലീസ് ഉദ്യോഗസ്ഥരാണ്. പണം വാങ്ങി കേസുകൾ ഒത്തു തീർപ്പാക്കുന്നതിനും പരാതികൾ മേലുദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാനുമായി വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോലീസുകാരുടെ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇരകൾക്ക് ഒത്തുതീർപ്പിന് വഴങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. പണം വാങ്ങി ഒതുക്കിയ നിരവധി കേസുകളുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസുകാർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പരാതി ലഭിച്ചാൽ അത്തരക്കാരെ ഒരു ദിവസം പോലും കാക്കിയണിയാൻ സമ്മതിക്കരുതെന്നുമായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പ് പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത അനിൽ കാന്തിന് മുഖ്യമന്ത്രി നൽകിയ ആദ്യ നിർദേശം. ഇത് നടപ്പാക്കാനുള്ള ചില ശ്രമങ്ങൾ അദ്ദേഹം തുടങ്ങിവെച്ചെങ്കിലും ക്രിമിനൽ ബന്ധമുള്ള പോലീസുകാർക്ക് നല്ല രാഷ്ട്രീയ ബന്ധം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് മേധാവിയും പതുക്കെ പത്തി മടക്കി.
കഴിഞ്ഞ വർഷം നവംബറിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കേരളത്തിലെ പോലീസ് സേനയിൽ 744 ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൊലപാതകവും ബലാത്സംഗവും കൈക്കൂലിയും ഉൾപ്പെടെ ഗുരുതര കേസുകൾ ചുമത്തപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണവും ഇക്കൂട്ടത്തിൽ കുറവല്ല. ഇവരിൽ 18 പേരെ പിരിച്ചുവിട്ടതായും 691 പേർ നിലവിൽ വകുപ്പ് തല നടപടികൾ നേരിടുന്നതായും നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിലെത്തിയപ്പോഴേക്കും ക്രിമനിൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം എണ്ണൂറിനടുത്ത് എത്തിയിട്ടുണ്ട്.
നിലവിലുള്ള പോലീസുകാരിൽ പലരുടെയും ക്രിമിനൽ സ്വഭാവം മാറ്റിയെടുക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാകാം പുതുതായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി സർക്കാറിന് അടുത്തിടെ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇതിനായി പി.എസ്.സി നിയമത്തിൽ ഭേദഗതി നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസിലേക്കുള്ള പരീക്ഷയെഴുതണമെങ്കിൽ പോലും യാതൊരു കേസുകളും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്ന് പോലീസിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണം. അല്ലാത്തവരെ പരീക്ഷ എഴുതിക്കേണ്ടതില്ലെന്നാണ് നിർദേശം. എന്നാൽ ഇതെല്ലാം എത്രത്തോളം നടപ്പാകുമെന്നതാണ് ഉയരുന്ന ചോദ്യം.