ഇടുക്കി-സി. പി. എം അച്ചടക്ക നടപടിയെടുത്തപ്പോള്‍ മുതല്‍ മുന്‍ മന്ത്രി എം. എം മണിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എം. എല്‍. എ എസ് രാജേന്ദ്രന്‍ അഴിമതി ആരോപണവുമായി രംഗത്ത്. മൂന്നാര്‍ സഹകരണ ബാങ്ക് നടത്തിയ 29.5 കോടിയുടെ റിസോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. മണിക്കു പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി ശശിയും ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് എം.എം.ജെ പ്ലാന്റേഷനുടമ മണര്‍ക്കാട് പാപ്പന്റെ മൂന്നാറിലുള്ള റിസോര്‍ട്ട് സി.പി.എം ഭരിക്കുന്ന മൂന്നാര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വാങ്ങിയത്. 29.5 കോടിക്കായിരുന്നു കച്ചവടം. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന് രാജേന്ദ്രന്‍ പറയുന്നു. ഹൈഡല്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നിയമനടപടിയെ തുടര്‍ന്ന് ബാങ്കിന് ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നിട്ടും ഇത്രയധികം തുക ബേങ്ക് പിന്‍വലിച്ചതെങ്ങനെ എന്നത് വ്യക്തമല്ല.
ഗ്രീന്‍ ട്രൈബ്യൂണലില്‍ റിസോര്‍ട്ടിനെതിരെ കേസുണ്ടായിട്ടും സഹകരണ വകുപ്പിന്റെ അനുമതി നല്‍കിയതെങ്ങനെയെന്ന് അറിയില്ല. ബാങ്കിന് ഇത്രയും അധികം വിലയ്ക്ക് റിസോര്‍ട്ട് വാങ്ങാനുള്ള പണം എവിടെ നിന്നുണ്ടായി എന്നത് അന്വേഷിക്കേണ്ടതുണ്ട്. നേതാക്കളുടെ സ്വത്ത് വിവരം ഇതുവരെ സി.പി.എം പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അനുമതിയോട് കൂടിയാണ് ഇടപാട് നടന്നത്. സ്ഥലം ആധാരം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് നാലാം വട്ടം മല്‍സരിപ്പിക്കാതിരുന്നതിനാല്‍ പിന്‍ഗാമിയായെത്തിയ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് രാജേന്ദ്രനെതിരെ നടപടി വന്നത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് എം. എം മണിയും കെ. വി ശശിയും ശ്രമിക്കുന്നത്. എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് തോട്ടം മേഖലയില്‍ വികാരമുണ്ടാക്കി തനിക്കെതിരെ തിരിക്കുകയാണ്. താന്‍ ആരോടും സീറ്റ് ചോദിച്ചിരുന്നില്ല. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നത് അസംബന്ധമാണ്. തനിക്ക് മൂന്ന് തവണയും വോട്ട് കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് എതിരായിരുന്നു തന്റെ പ്രവര്‍ത്തനം എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. ഞാന്‍ മാത്രം ജയിച്ചുകൊണ്ടിരുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തന്നോട് ശത്രുത മനോഭാവം വച്ച് ഉപദ്രവിച്ച് പുറത്താക്കാനാണ് ശ്രമമെന്നും രാജേന്ദ്രന്‍ പറഞ്ഞു.അടുത്തിടെ തൊഴിലാളി യൂനിയന്‍ യോഗത്തില്‍ വച്ച് എസ് .രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം. എം മണി പറഞ്ഞിരുന്നു.
അതേ സമയം റിസോര്‍ട്ട് വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ രാജേന്ദ്രന്‍ കേസില്‍പ്പെടുമെന്ന് എം.എം മണിയും ക്രമക്കേട് നടന്നു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്ന് കെ.വി ശശിയും പ്രതികരിച്ചു.