Sorry, you need to enable JavaScript to visit this website.

അശ്ലീല വെബ് സീരിസ്: ചതിക്കുഴിയില്‍ വീണതിനെ കുറിച്ച് മലപ്പുറത്തുകാരി

കൊച്ചി- അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്്്. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി ഒ.ടി.ടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയത്.
എറണാകുളം സ്വദേശിനിയായ സംവിധായികയുടേയും ഒടിടി പ്ലാറ്റ്ഫോമിന്റേയും വലയില്‍ വീണ് ജീവിതം തകര്‍ന്ന നിരവധി യുവതികളെ തനിക്കറിയാമെന്ന് പരാതിക്കാരി പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ് നേരത്തെ രംഗത്തെത്തിയിരുന്നു.യുവതി അഭിനയിച്ച ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍  വന്നതോടെ തനിക്ക്് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
സംവിധായികക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉന്നയിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരാള്‍ സീരിയലില്‍ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് തന്നെ കെണിയില്‍പ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന് തിരിച്ചറിയുന്നത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് കരാറില്‍ ഒപ്പു വെപ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസ്സിലാക്കാതെയാണ് ഒപ്പിട്ടതെന്നും യുവതി പറയുന്നു.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസ്സിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം തന്നിട്ടേ തിരിച്ച് പോകാനാവൂ എന്ന് പറഞ്ഞു. ഒടുവില്‍ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കേണ്ടി വന്നതെന്നും യുവതി പറയുന്നു.അശ്ലീലചിത്രത്തില്‍ അഭിനയിച്ചതോടെ വീട്ടില്‍നിന്നു പുറത്തായെന്നും രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് ഇപ്പോള്‍ കഴിയുന്നതെന്നും യുവതി പറഞ്ഞു.

 

Latest News