നിലമ്പൂര്‍-മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് പ്രതിയായ അബുദാബിയിലെ ഇരട്ട കൊലപാതക കേസില്‍ മൃതദേഹ ഭാഗങ്ങള്‍ രാസപരിശോധനക്ക് വിധേയമാക്കുമെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. ഏബ്രഹാം അറിയിച്ചു.
2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ്മലയമ്മ സ്വദേശി തത്തമ്മപറമ്പില്‍ ഹാരിസും ചാലക്കുടി സ്വദേശി ഡെന്‍സിയും അബുദാബിയിലെ ഫ് ളാറ്റില്‍ ദുരൂഹ സഹചര്യത്തില്‍ മരിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുനര്‍ പോസ്റ്റുമോര്‍ട്ടം
നടന്നതെന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മൃതദേഹത്തില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ സാധ്യത കുറവായതിനാലാണ് രാസപരിശോധന വേണ്ടി വരുന്നത്.
ഹാരിസിന്റെ മൃതദേഹത്തില്‍ നിന്നുള്ള ഭാഗങ്ങളുടെ രാസപരിശോധന കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലും ഡെന്‍സിയുടേത് കൊച്ചി തൃപ്പുണിത്തുറയിലെ റീജണല്‍ കെമിക്കല്‍ ലാബിലുമാണ് നടക്കുക. ഇതിന്റെ പരിശോധനാഫലം വരാന്‍ ഒന്നിലധികം മാസമെടുക്കും. മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെ ആവശ്യാര്‍ഥം കേസന്വേഷണം തിരുവനന്തപുരത്തെ
സിബിഐയുടെ സ്‌പെഷല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി സിബിഐ പുതിയ എഫ്.ഐ.ആര്‍ ഇടുമെന്നാണ് വിവരം.
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഡെന്‍സിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ അബുദാബി പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഷാബാ ഷെരീഫ് കൊലപാതക കേസില്‍ പിടിയിലായ പ്രതികളാണ് ഷൈബിന്റെ നിര്‍ദശപ്രകാരം ഹാരിസിനെയും ഡെന്‍സിയെയും കൊലപ്പെടുത്തിയതാണെന്നു പോലീസിനോട് വെളിപ്പെടുത്തിയത്. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരട്ടകൊലപാതക കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് 10-ന് ഹാരിസിന്റെ മൃതദേഹവും 24-ന് ഡെന്‍സിയുടെ മൃതദേഹവും പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. രാസപരിശോധന റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് നിഗമനം. കുറ്റകൃത്യം അന്വേഷിച്ച നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. ഏബ്രഹാം കേസിന്റ ഫയല്‍ ഡിജിപി മുഖേന സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറി.
ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. തന്റെ മകന്‍ കൊല ചെയ്യപ്പെട്ട കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാവ് സാറാബി. മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.