ജിദ്ദ - ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സൗദി യുവാവ് അബ്ദുല്ല അല്‍സല്‍മി കാല്‍നടയായി യാത്ര ചെയ്യുന്നു. ജിദ്ദയില്‍ നിന്ന് 42 ദിവസം നീളുന്ന യാത്രയിലൂടെ 1,300 കിലോമീറ്റര്‍ താണ്ടി ദോഹയിലെത്തുകയാണ് 33 കാരന്റെ ലക്ഷ്യം. ഖത്തറിലേക്കുള്ള യാത്രയെ കുറിച്ച വിവരങ്ങള്‍ ഓരോ ദിവസവും അബ്ദുല്ല അല്‍സല്‍മി സ്‌നാപ് ചാറ്റിലെ തന്റെ അക്കൗണ്ടു വഴി അറിയിക്കുന്നുണ്ട്. മാര്‍ഗമധ്യേ ഓരോ ഇടത്താവളങ്ങളിലും പ്രദേശവാസികളെ പരിചയപ്പെട്ടും ഓര്‍മകള്‍ രേഖപ്പെടുത്തിയും യുവാവ് ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാരം തുടരുകയാണ്. ജിദ്ദയില്‍ നിന്ന് ഖത്തറിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്ന അബ്ദുല്ല അല്‍സല്‍മിയെ കുറിച്ച വാര്‍ത്തകള്‍ പ്രാദേശിക, വിദേശ പത്രങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഖത്തര്‍ ലോക കപ്പില്‍ അസാധാരണ രീതിയില്‍ സാന്നിധ്യം അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുകയായിരുന്നെന്ന് അബ്ദുല്ല അല്‍സല്‍മി പറയുന്നു. മരുഭൂമിയില്‍ ക്യാമ്പിംഗ് നടത്തുന്നതിലുള്ള വൈദഗ്ധ്യങ്ങള്‍ അവലംബിച്ചും മതിയായ വെള്ളവും ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും കൈയില്‍ കരുതിയും വ്യവസ്ഥാപിതമായാണ് യാത്ര തുടരുന്നത്. കാല്‍നടയാത്ര ഏറ്റവും ദുഷ്‌കരമായ സ്ഥലങ്ങളില്‍ ഒന്നാണ് അറേബ്യന്‍ ഉപദ്വീപ്. ഇത് നമ്മുടെ രാജ്യമാണ്. മറ്റാരെക്കാളും നന്നായി ഈ രാജ്യത്തെ നമുക്ക് അറിയാം. ഓരോ പ്രവിശ്യയിലെയും ഭൂപ്രകൃതിയിലെ വ്യത്യാസങ്ങളും ഉയര്‍ന്ന താപനിലയും ലോകകപ്പിലേക്കുള്ള യാത്രയില്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ ഒന്നായിരുന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ ഏതു സമയത്തും ആര്‍ക്കും തന്റെ അടുത്ത് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന ട്രാക്കിംഗ് ഉപകരണം ഉപയോഗിച്ചാണ് താന്‍ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരാശയുടെയും തകര്‍ച്ചയുടെയും കൊടുമുടിയിലാണെന്ന് തോന്നിയിരുന്നു. തന്റെ യാത്രയിലുള്ള മാധ്യമശ്രദ്ധ അഭിനിവേശം തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു.
നേരത്തെ ജീവിച്ചിരുന്ന കാനഡയിലും ഓസ്‌ട്രേലിയയിലും കാല്‍നടയാത്രയില്‍ തനിക്ക് ദീര്‍ഘ കാലത്തെ പരിയസമ്പത്തുണ്ട്. അറേബ്യന്‍ ഉപദ്വീപിലെ യാത്രയുടെ പ്രയാസവുമായി താരതമ്യം ചെയ്താല്‍ അവിടുങ്ങളില്‍ നടത്തിയ യാത്രകള്‍ എളുപ്പമായിരുന്നു. രാവിലെ സൂര്യോദയം മുതല്‍ പത്തോ പത്തരയോ വരെയാണ് നടക്കുക. ഇതിനു ശേഷം ഏതാനും മണിക്കൂറുകള്‍ വിശ്രമിക്കും. ഉച്ചക്കു ശേഷം വീണ്ടും നടത്തം ആരംഭിക്കും. സൂര്യാസ്തമനത്തോടെയാണ് ഓരോ ദിവസവും യാത്ര അവസാനിപ്പിക്കുക. ദിവസേന 35 കിലോമീറ്റര്‍ ദൂരം താണ്ടുകയെന്ന ലക്ഷ്യം നിലനിര്‍ത്താന്‍ ചില ദിവസങ്ങളില്‍ രത്രിയിലും നടക്കും.
ലഗേജിന്റെ ഭാരം കുറക്കാന്‍ പെട്രോള്‍ ബങ്കുകളില്‍ നിന്ന് വാങ്ങാന്‍ ലഭിക്കുന്ന ഭക്ഷണങ്ങളാണ് അധികവും ആശ്രയിക്കുന്നത്. കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും മസ്ജിദുകളില്‍ നിന്നാണ്. യാത്രയില്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍, രാത്രി തങ്ങാനുള്ള സ്ഥലം അന്വേഷിക്കല്‍, തമ്പിനു സമീപം തേളിനെ കാണല്‍ അടക്കം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അബ്ദുല്ല അല്‍സല്‍മി ഓരോ ദിവസവും വിശദീകരിക്കുന്നു. യാത്രക്കിടെ കണ്ടുമുട്ടുന്ന സൗദി പൗരന്മാരുമായി നടത്തുന്ന സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യുന്നു. ഇക്കൂട്ടത്തില്‍ പലരും ലഘുഭക്ഷണങ്ങളും ജ്യൂസുകളും മറ്റും നല്‍കി യാത്ര തുടരാന്‍ സഹായിക്കുന്നു.
സ്വന്തം നാട്ടിലൂടെയുള്ള കാല്‍നടയാത്രകള്‍ക്ക് മറ്റു സ്വദേശികള്‍ക്ക് പ്രചോദനമായി മാറാന്‍ സുദീര്‍ഘമായ കാല്‍നടയാത്രകളിലുള്ള അനുഭവസമ്പത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദീര്‍ഘദൂര കാല്‍നടയാത്രകള്‍ മനോഹരമായ ഒരു കായിക വിനോദമാണെന്ന് ആളുകളെ അറിയിക്കാനും ആഗ്രഹിക്കുന്നു. സൗദി അറേബ്യയില്‍ കാലാവസ്ഥ കഠിനമാണെങ്കിലും ദുഷ്‌കരമായ ഭൂപ്രകൃതിയാണെങ്കിലും സുദീര്‍ഘമായ കാല്‍നടയാത്രകള്‍ക്ക് നമുക്ക് കഴിയുമെന്നും അബ്ദുല്ല അല്‍സല്‍മി പറയുന്നു.