Sorry, you need to enable JavaScript to visit this website.

വിനോദത്തിന്റെ മായാലോകം തുറന്ന് റിയാദ് സീസണ് തുടക്കം

റിയാദ്- സ്വദേശികളും വിദേശികളും അടക്കമുള്ള സൗദി നിവാസികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും മുന്നില്‍ ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും മായാലോകം തുറന്ന് ഈ വര്‍ഷത്തെ റിയാദ് സീസണ്‍ പരിപാടികള്‍ക്ക് അന്താരാഷ്ട്ര കാര്‍ണിവലോടെ വര്‍ണാഭമായ തുടക്കം. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് റിയാദ് വൈബ്‌സ് ഏരിയയില്‍ റിയാദ് സീസണിന് ഔപചാരിക സമാരംഭം കുറിച്ചു. ഉദ്ഘാടന ചടങ്ങില്‍ നടന്ന 3,200 ലേറെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനം മധ്യപൗരസ്ത്യദേശത്തെ ആദ്യ സംഭവമായി. പ്രശസ്ത ബ്രിട്ടീഷ് ഗായിക ആന്‍ മേരിയുടെ സംഗീത വിരുന്നും മാനത്തെ വര്‍ണപ്രപഞ്ചമാക്കി മാറ്റിയ കരിരുന്ന് പ്രയോഗങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി.
സൗദിയില്‍ വിനോദ മേഖലക്ക് പൊതുവിലും റിയാദ് സീസണ് വിശിഷ്യായും ലഭിക്കുന്ന പ്രത്യേക ശ്രദ്ധക്കും പിന്തുണക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തുര്‍ക്കി ആലുശൈഖ് നന്ദി പറഞ്ഞു. സങ്കല്‍പങ്ങള്‍ക്കുമപ്പുറം എന്ന ശീര്‍ഷകത്തിലാണ് മൂന്നാമത് റിയാദ് സീസണ്‍ നടക്കുന്നത്. സൗദി ഗെയിംസ് ദീപം തുര്‍ക്കി ആലുശൈഖ് സ്വീകരിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഉല്ലാസത്തിന്റെയും ഉത്സാഹത്തിന്റെയും അന്തരീക്ഷത്തില്‍ സൗദി നാടോടിക്കഥകളില്‍ നിന്നുള്ള ഗാനശകലവും റോമിംഗ് ഷോകളും കാനഡ ആസ്ഥാനമായ ലോകത്തെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായ സിര്‍ക്ക് ഡു സുലൈലിന്റെ സര്‍ക്കസ് പ്രദര്‍ശനവും മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വിനോദ പരിപാടിയുടെ ഉദ്ഘാടനം അവിസ്മരണീയമാക്കി. ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ജനസാഗരം ഒഴുകിയെത്തിയിരുന്നു. റിയാദ് സീസണ്‍ പരിപാടികള്‍ നടക്കുന്ന 15 പ്രദേശങ്ങളിലും ഉദ്ഘാടന ചടങ്ങില്‍ കലാപ്രകടനങ്ങളുണ്ടായിരുന്നു.
ആക്ഷന്‍ ഗെയിമുകള്‍, ജിംനാസ്റ്റിക്‌സ്, ബൈക്ക് അഭ്യാസ പ്രകടനങ്ങള്‍, വളയങ്ങളിലൂടെ ചാടല്‍, ബ്ലോവിംഗ് ഫയര്‍, ഉയരത്തിലുള്ള കയറുകളില്‍ തൂങ്ങിയുള്ള അഭ്യാസങ്ങള്‍, ലോക ഓര്‍ക്കസ്ട്ര സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള നൃത്തങ്ങള്‍ എന്നിവയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. 3,200 ലേറെ ഡ്രോണുകള്‍ മാനത്ത് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും വര്‍ണ ചിത്രങ്ങള്‍ വരച്ചതും കൗതുകമായി. ലോകോത്തര ലോജിസ്റ്റിക്, വിനോദ സേവനങ്ങള്‍ അടങ്ങിയ പ്രദേശങ്ങള്‍ ഇത്തവണത്തെ റിയാദ് സീസണിന്റെ സവിശേഷതയാണ്. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ശാശ്വത സേവനം നല്‍കുന്നതിന് റിയാദ് സീസണില്‍ സുസ്ഥിരമായ പ്രദേശങ്ങളും എല്ലാ പ്രായത്തിലും പെട്ട സന്ദര്‍ശകര്‍ക്കും സൗജന്യമായി പ്രവേശനം നല്‍കുന്ന പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നു.
ആഡംബര റസ്റ്റോറന്റുകളും കഫേകളും അന്താരാഷ്ട്ര സ്റ്റോറുകളും ഇ-ഗെയിമുകളും വിനോദത്തിനും വിശ്രമത്തിനുമുള്ള ഉപകരണങ്ങളും, വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടൈന്‍മെന്റ് ചാമ്പ്യന്‍ഷിപ്പുകളും ഫുട്‌ബോള്‍ മത്സരങ്ങളും സാഹികമായ മുങ്ങിക്കപ്പല്‍ യാത്രയും റോപ്‌വേ യാത്രയും മഞ്ഞ് ജീവിതവും മറ്റു വൈവിധ്യമാര്‍ന്ന പരിപാടികളും റിയാദ് സീസണ്‍ പ്രദേശങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവുമധികം ഡ്രോണുകള്‍ ഉപയോഗിച്ച് കരിമരുന്ന് പ്രയോഗം നടത്തിയതിന്റെ ഗിന്നസ് റെക്കോഡ് റിയാദ് സീസണിലൂടെ സൗദി അറേബ്യക്ക് ലഭിച്ചതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു. റിയാദ് സീസണ്‍ പ്രതിനിധിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.

 

Latest News