Sorry, you need to enable JavaScript to visit this website.

മദ്യവും ലോട്ടറിയും വികസനം; സര്‍ക്കാരിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഗവര്‍ണര്‍

കൊച്ചി- സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അധികാരമാണ് വൈസ് ചാന്‍സിലര്‍ നിയമനമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതില്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നും അദ്ദേഹംപറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ വി.കെ ബീരാന്‍ രചിച്ച സി എച്ച് മുഹമ്മദ് കോയ അറിയാ കഥകള്‍ എന്ന പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരെ താനാണ് നിയമിച്ചിരിക്കുന്നത്. തന്റെ അധികാര പരിധി തീരുമാനിക്കാന്‍ മന്ത്രിമാര്‍ക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
കമ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന മന്ത്രിയും പാക്കിസ്ഥാന്റെ ഭാഷയില്‍ ഭരണഘടനക്കെതിരെ സംസാരിക്കുന്ന മന്ത്രിയും  വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ ശമ്പളത്തില്‍ വെക്കുന്നത്. തന്റെ നടപടികളെ തിരുത്തുമെന്നാണ് നിയമമന്ത്രി പറയുന്നത്. തന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ നിയമ മന്ത്രി ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനകാര്യമന്ത്രിയാണ് തനിക്കെതിരെ അഭിപ്രായം പറയുന്നത്. ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ കേരളത്തിലേതിനെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും അതിനാല്‍ അവിടെ നിന്നും എത്തിയ ഗവര്‍ണര്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടെന്നുമുള്ള ധനകാര്യ മന്ത്രിയുടെ നിലപാട് ശരിയല്ല. താന്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. എന്നാല്‍ ഇതേ അഭിപ്രായം സുപ്രീംകോടതിയിലെ ന്യായാധിപന്മാരെ നോക്കി പറയരുതെന്നും അദ്ദേഹം പറഞ്ഞു.  മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് കരുതുകയാണ് ഇവിടുത്തെ സര്‍ക്കാര്‍. ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടന പദവിയാണ്. രാഷ്ട്രപതിയും ഗവര്‍ണറും ഇന്ത്യന്‍ ഭരണഘടനാ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇതിനെതിരെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുന്നതാണ്. തന്റെ പ്രവര്‍ത്തനങ്ങളെ തടയാനും തിരുത്താനും അധികാരമുള്ളത് കോടതിക്കാണ്.
കേരളത്തിലെ മന്ത്രിമാര്‍ 25ഓളം പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുകയാണ്. രണ്ട് വര്‍ഷം സേവനം ചെയ്തുകഴിഞ്ഞാല്‍ ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ ശമ്പളം നല്‍കി മന്ത്രിമാര്‍ നിയോഗിക്കുന്നതാണ് ഇവിടെ കാണുന്നത്. ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

    

 

 

Latest News