Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾ ബാക്കിയാക്കി വാഫി, വഫിയ്യ കലോത്സവത്തിന് സമാപനം

വാഫി, വഫിയ്യ കലോത്സവ, സനദ് ദാന സമ്മേളന സമാപന സെഷൻ മുസ് ലിം ലീഗ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- സമസ്തയുടെ വിലക്കിനെ മറികടന്ന് മുസ് ലിം ലീഗ് നേതാക്കളും പാണക്കാട് തങ്ങന്മാരും സംബന്ധിച്ചതോടെ വിവാദങ്ങളുടെ കൊടുമുടി കയറിയ വാഫി, വഫിയ്യ കലോത്സവത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് സ്വപ്‌നനഗരിയിൽ വെച്ച് കോ-ഓർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളേജസ് (സി.ഐ.സി) സംഘടിപ്പിച്ച വാഫി, വഫിയ്യ കലോത്സവ സനദ് ദാന സമ്മേളനം, ഒരു ഇടവേളയ്ക്കു ശേഷം സമസ്തയും മുസ് ലിം ലീഗും കൊമ്പുകോർത്ത വിവാദങ്ങൾ ബാക്കിയാക്കിയാണ് സമാപിച്ചത്. 
ആദ്യദിനമായ വ്യാഴം ആൺകുട്ടികളുടെ അസംബ്ലി, ക്യു ഫോർ ടുമോറോയോടെ തുടങ്ങി. ശേഷം, മെറ്റീരിയലിസം വിമോചന മാർഗമോ എന്ന വിഷയാസ്പദമായി സംവാദം സംഘടിപ്പിച്ചു. 
ഉച്ചയ്ക്ക് ശേഷം മതങ്ങളും വികസന കാഴ്ചപ്പാടുകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വാഫി വിദ്യാർഥികളുടെ കലാ പരിപാടികളും അരങ്ങേറി. വൈകുന്നേരം വാഫി സനദ് ദാന സമ്മേളനവും കലോത്സവത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടന്നു. 
രണ്ടാം ദിനമായ ഇന്നലെ നടന്ന വനിതാ സംഗമത്തിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സ്ത്രീ സ്വത്വം സമത്വം എന്ന  വിഷയാസ്പദമായി വനിതകളുടെ സെമിനാറും സംഘടിപ്പിച്ചു. വഫിയ്യ വിദ്യാർഥിനികളുടെ അസംബ്ലി ക്യു ഫോർ ടുമോറോയിൽ അയ്യായിരത്തോളം പേർ അണിനിരന്നു.
വൈകുന്നേരം നടന്ന സമാപന സെഷൻ മുസ് ലിം ലീഗ് നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്റ് അംഗവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സി.ഐ.സി വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾ നേതൃസന്ദേശം നൽകി. ഹബീബുല്ല ഫൈസി ആമുഖഭാഷണം നിർവഹിച്ചു. അഹമ്മദ് മൂപ്പൻ, അലി ഫൈസി എന്നിവർ ആശംസകളർപ്പിച്ചു. അഹമ്മദ് ഫൈസി കക്കാട്, പി.സി സിദ്ധീഖുൽ അക്ബർ വാഫി എന്നിവർ സംസാരിച്ചു. ഹസ്സൻ വാഫി നന്ദി പറഞ്ഞു. 
വഫിയ്യ കലോത്സവത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം സുൽഫത്ത് സാദിഖലി ബീവി പാണക്കാട്, സജ്‌ന അബ്ബാസലി ബീവി പാണക്കാട്, ശബാന റഷീദലി ബീവി പാണക്കാട് എന്നിവർ നിർവഹിച്ചു.

Latest News