കാസര്‍കോട് - അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെട്ടതായി വിവരം.
ചെറുവത്തൂര്‍ കിഴക്കേ മുറി കാട്ടുവളപ്പില്‍ കെ.വി അശ്വിന്‍ (24) ആണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ കാട്ടിനുള്ളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. 28 കിലോമീറ്റര്‍ ഓളം ദൂരത്തില്‍ റോഡോ വഴികളോ മറ്റു യാത്ര സൗകര്യങ്ങളോ ഇല്ലാത്ത കാട്ടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനവും അസാധ്യമായിരുന്നു.
സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് മരണവിവരം നാട്ടില്‍ ബന്ധുക്കളെ വിളിച്ചറിയിച്ചത്. കിഴക്കേ മുറിയിലെ എം.കെ അശോകന്‍- കെ.വി കൗസല്യ ദമ്പതികളുടെ മകനാണ്. നാലുവര്‍ഷമായി മിലിട്ടറി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന അശ്വിന്‍ നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍ ആയിരുന്നു. കഴിഞ്ഞ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വന്ന അശ്വിന്‍ തിരിച്ചു പോയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. നവംബറില്‍ അവധിക്ക് നാട്ടിലേക്ക് വരുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അതിനിടയില്‍ ആണ് ദാരുണമായ അപകട മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സഹോദരങ്ങള്‍: അശ്വതി, അനശ്വര.