കൊച്ചി-ലക്ഷക്കണക്കിന് രൂപ വില വരുന്ന ക്യാമറകള്‍ മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍. ഒന്നാം പ്രതി കൊല്ലം സ്വദേശി ടൈറ്റാനിക് ബിജു എന്ന മുഹമ്മദ് ഷമീര്‍ (42), രണ്ടാം പ്രതി ആലപ്പുഴ അരൂര്‍ അറക്കപ്പറമ്പ് വീട്ടില്‍ സേതുരാജിനെയാണ് (54), മൂന്നാം പ്രതി നോര്‍ത്ത് പറവൂര്‍ സ്വദേശി എന്‍ എസ് സുല്‍ഫിക്കര്‍ (32), നാലാം പ്രതി മട്ടാഞ്ചേരി സ്വദേശി പി എന്‍ നൗഫല്‍ (27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് മാസം നാലാം തീയതി പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കും ഇടയില്‍ സമയം എറണാകുളം എംജി റോഡ് കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്യാമറ സ്‌കാന്‍ എന്ന ഷോപ്പ് കുത്തി തുറന്ന് 250 ഓളം ക്യാമറയും ലെന്‍സും മറ്റു ഉപകരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മാര്‍ക്കറ്റിലെ ഒരു കടയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ടൂവീലറും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസും, കരിക്കമുറിയില്‍ നിന്നും ഒരു ബൈക്കും ബ്രോഡ് വേയിലെ വാച്ചുകടയില്‍ നിന്ന് വാച്ച് മോഷണം ചെയ്ത കേസും, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള കാരിക്കാമുറിയിലെ ഒരു വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പഴയ കോയിന്‍സും മോഷ്ടിച്ച കേസും തെളിഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയായ ടൈറ്റാനിക് ബിജുവിനെതിരെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 8 കേസും ചേരാനല്ലൂര്‍, എളമക്കര, നോര്‍ത്ത്, കടവന്ത്ര ഓരോ കേസും നിലവിലുണ്ട്.സേതുരാജിന് എളമക്കര, പൂച്ചാക്കല്‍ ചേരാനല്ലൂര്‍ ഹില്‍പാലസ് കളമശ്ശേരി ആലുവ അങ്കമാലി തൃശ്ശൂര്‍ ഗുരുവായൂര്‍ എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്
എറണാകുളം സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ എസ്ഐ കെപി അഖില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, ഷിഹാബ്, വിനോദ്, സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.