തലശ്ശേരി- ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈകള്‍ക്കും പരുക്ക്. പാനൂരിന് സമീപം വടക്കെ പൊയിലൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കയില്‍ വീട്ടില്‍ നിഖില്‍ രാജ് (29) ആണ് അമ്മ ജാനുവിനെ (62) കത്തി ഉപയോഗിച്ച് ആക്രമിച്ചത്. രാത്രി വീട്ടിലെത്തിയ നിഖില്‍ രാജ് ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെ ആണ് ക്രൂരത നടന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
ബഹളം കേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയെങ്കിലും നിഖില്‍രാജ് അവരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ജാനുവിനെ പാനൂര്‍ ജനറലാശുപത്രിയിലെത്തിച്ചത.് അമ്മ പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ജാനുവുമായി സംസാരിച്ചെങ്കിലും കേസ് നല്‍കില്ല എന്ന തീരുമാനത്തിലായിരുന്നു ജാനു. ഒടുവില്‍ അയല്‍വാസികളുള്‍പ്പെടെ പാരതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
കഴുത്തിന് നേരെയുള്ള വെട്ട് ജാനു കൈകൊണ്ട് തടയുകയായിരുന്നു. ഇരു കൈകള്‍ക്കും അങ്ങിനെയാണ് പരിക്കേറ്റത്. ഹൃദ്രോഗത്തിന് ജാനു ഏറെക്കാലമായി ചികിത്സയിലാണ്. ഏക മകന്‍ നിഖില്‍രാജ് എന്നും വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുക പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും ചെറിയ പ്രായത്തില്‍ തന്നെ ഉപയോഗിക്കുന്ന യുവാവ് ഇതിന് പണം കിട്ടിയില്ലെങ്കില്‍ നാട്ടുകാരെയും അക്രമിക്കുക പതിവായിരുന്നെന്നാണ് പരാതി.
നിഖില്‍ രാജ് നിരന്തരമായി അമ്മയെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താറുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പ്രദേശത്തെ വ്യാപാരിയോട് നിഖില്‍രാജ് ലഹരി വാങ്ങാന്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതതിനെ തുടര്‍ന്ന് വ്യാപാരിയോട് കട തുറക്കാന്‍ അനുവദിക്കില്ലെന്ന് നിഖില്‍രാജ് ഭീഷണി മുഴക്കുകയായിരുന്നു.