ഖത്തീഫ് - സ്‌കൂള്‍ വാനില്‍ ശ്വാസംമുട്ടി മരിച്ച അഞ്ചു വയസുകാരന്‍ ഹസന്‍ അല്‍ശുഅ്‌ലയുടെ മയ്യിത്ത് ഹല്ല മജീശ് ഗ്രാമത്തിലെ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഖത്തീഫിലെ ഹല്ല മജീശ് ഗ്രാമത്തിനും അല്‍ജാറൂദിയ ഗ്രാമത്തിനും ഇടയിലാണ് ഖബര്‍സ്ഥാന്‍. ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ കാരണമാണ് മയ്യിത്ത് മറവു ചെയ്യാന്‍ വൈകിയതെന്ന് ഹസന്‍ അല്‍ശുഅ്‌ലയുടെ പിതാവ് ഹാശിം അല്‍ശുഅ്‌ല പറഞ്ഞു. 12 ദിവസം മുമ്പായിരുന്നു മരണം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതോടെ മയ്യിത്ത് സ്വീകരിച്ച് മറവു ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. മയ്യിത്ത് മറവു ചെയ്യാനുള്ള പെര്‍മിറ്റ് നേടിയ ശേഷമാണ് മൃതദേഹം ഖബറടക്കിയത്.
സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ഇപ്പോഴും ബന്ധപ്പെട്ട വകുപ്പുകളുടെ കസ്റ്റഡിയിലാണ്. അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹാശിം അല്‍ശുഅ്‌ല പറഞ്ഞു.
കിന്റര്‍ഗാര്‍ഡന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഹസന്‍ അല്‍ശുഅ്‌ല സ്‌കൂളിനു മുന്നില്‍ ഇറങ്ങാതെ സ്‌കൂള്‍ വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളിനു മുന്നില്‍ ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് ബാലന്റെ മരണത്തിലേക്ക് നയിച്ചത്. ഉച്ചയോടെയാണ് വാനിലെ സീറ്റുകള്‍ക്കിടയില്‍ മരിച്ചുകിടക്കുന്ന നിലവില്‍ വിദ്യാര്‍ഥിയെ ഡ്രൈവര്‍ കണ്ടെത്തിയത്. ഈ വാന്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളതല്ല. സ്‌കൂള്‍ അധികൃതര്‍ വാടകക്കെടുത്തതായിരുന്നു.