ജുബൈൽ- ഇനിമുതൽ ഉംറ വിസ പാസ്‌പോർട്ടിൽ പതിക്കില്ലെന്ന് ഇന്ത്യയിലെ സൗദി വൈസ് കോൺസൽ ജനറൽ ഫഹദ് ഇബ്‌നു സാഹിർ അൽ അബ്ദലി അറിയിച്ചു. പകരം, ഹജ് വിസ പോലെ സാധാരണ പേപ്പറിൽ പ്രിന്റ് ചെയ്ത് എടുക്കാവുന്ന വിധത്തിൽ ഓൺലൈൻ വിസയാണ് ലഭിക്കുക.
ഈ മാസം ഏഴു മുതലാണ് ഈ സംവിധാനം നിലവിൽ വരിക. ഇന്ത്യയിലെ സൗദി കോൺസൽ ജനറൽ ഓഫീസിൽ വിസ അടിക്കാൻ പോയ മുംബൈ അക്ബർ ട്രാവൽസ് പബ്ലിക് റിലേഷൻ ഓഫീസർ ജാബിർ ശിവപുരത്തോട് ഔദ്യോഗികമായി അറിയിച്ച വിവരമാണിത്. വിസ സ്റ്റാമ്പിംഗ് രംഗത്തെ ഈ പരിഷ്‌കരണം കോൺസൽ ഓഫീസിലെ തിരക്ക് കുറയാൻ കാരണമാകുമെന്നും അതിന്റെ ഫലമായി പെട്ടെന്ന് വിസ ലഭിക്കാനും സൗകര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജാബിർ മലയാളം ന്യൂസിനോട് പറഞ്ഞു.
വിസ പാസ്‌പോർട്ടിൽ ഒട്ടിക്കാൻ കാത്ത് നിൽക്കേണ്ടതില്ല. നിർദേശിക്കപ്പെട്ട തുകയടച്ചു പാസ്‌പോർട്ട് കോൺസൽ ഓഫീസിൽ സമർപ്പിക്കണം. പരിശോധന കഴിഞ്ഞു അപ്പോൾതന്നെ പാസ്‌പോർട്ട് തിരികെ ലഭിക്കും. പിന്നീട് വിസ ഓണലൈൻ ആയി പ്രിന്റ് എടുത്താൽ മതി.
ദിവസം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉംറ വിസയാണ് മുബൈ കോൺസൽ ഓഫീസിൽനിന്നും ഇറങ്ങുന്നത്. ഇവയെല്ലാം മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിൽ വിതരണം ചെയ്തു കഴിഞ്ഞാലും പാസ്‌പോർട്ടിൽ സ്റ്റിക്കർ ഒട്ടിക്കാൻ കാലതാമസം നേരിടൽ പതിവായിരുന്നു. നേരത്തെ, ഓൺലൈനിൽ വിസ വിതരണം നടന്നത് ശ്രദ്ധയിൽപെട്ട് തീർത്ഥാടകർക്ക് വിമാന ടിക്കറ്റും മറ്റ് സംവിധാനങ്ങളും ഒരുക്കുമെങ്കിലും സ്റ്റിക്കർ പതിച്ചു കഴിയാത്തതിനാൽ പലപ്പോഴും യാത്ര മുടങ്ങാറുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് കൂടിയാണ് ഇതോടെ പരിഹാരമാകുന്നത്.