ദൽഹി - മഴ മുടക്കിയെങ്കിലും ദൽഹിയിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ കാണികളെ ആവേശത്തേരിലേറ്റി ശ്രേയസ് അയ്യരുടെയും ജോസെ ബട്‌ലറുടെയും ഇടിവെട്ട് ബാറ്റിംഗ്. ദൽഹി ഡെയർഡെവിൾസിന്റെ വൻ സ്‌കോർ ഉജ്വലമായി പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഡക്‌വർത് ലൂയിസ് നിയമപ്രകാരം നാലു റൺസിന് തോറ്റു. മഴക്കു ശേഷം 18 ഓവർ വീതമാക്കിച്ചുരുക്കിയ കളിയിൽ ദൽഹി നായകൻ ശ്രേയസ് (35 പന്തിൽ 50) റിഷഭ് പന്തിനൊപ്പം (29 പന്തിൽ 69) അടിച്ചു തകർത്തതായിരുന്നു. സ്‌കോർ 17.1 ഓവറിൽ ആറിന് 196 ലെത്തി നിൽക്കെ മഴ വീണ്ടും കളി തടസ്സപ്പെടുത്തി. അതോടെ രാജസ്ഥാന്റെ ലക്ഷ്യം പന്ത്രണ്ടോവറിൽ 151 ആയി മാറ്റി നിശ്ചയിച്ചു.ശ്രേയസ് അഞ്ച് ഇന്നിംഗ്‌സിൽ നാലാം തവണയാണ് അർധ ശതകം പിന്നിട്ടത്. ജയ്‌ദേവ് ഉനാദ്കാത് മൂന്നു വിക്കറ്റെടുത്തു.
പിന്നീട് ഡി ആർസി ഷോടിനെ (25 പന്തിൽ 44) സാക്ഷിയാക്കി ബട്‌ലർ 18 പന്തിൽ അർധ ശതകം പിന്നിട്ടു. അപ്പോൾ ഷോട് എട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആറോവറിൽ സ്‌കോർ 79. അടുത്ത ഓവറിൽ അമിത് മിശ്രയെ ചാടിയിറങ്ങി ഉയർത്താനുള്ള ശ്രമത്തിൽ ബട്‌ലർ പുറത്തായി. ഓപണിംഗ് വിക്കറ്റിൽ 6.4 ഓവറിൽ പിറന്ന 82 റൺസിൽ ബട്‌ലറുടെ സംഭാവന 67 റൺസായിരുന്നു. സഞ്ജു സാംസണും (3) ബെൻ സ്റ്റോക്‌സും (1) പുറത്തായെങ്കിലും ആഞ്ഞടിച്ച കെ. ഗൗതം അവസാനം വരെ രാജസ്ഥാന്റെ പ്രതീക്ഷ നിലനിർത്തി. ട്രെന്റ് ബൗൾട് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ സിക്‌സർ വേണമായിരുന്നു രാജസ്ഥാന് ജയിക്കാൻ. എന്നാൽ ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. ഈ കളി തോറ്റിരുന്നുവെങ്കിൽ ദൽഹി പുറത്തായേനേ. ശ്രേയസ് ക്യാപ്റ്റനായ ശേഷം മൂന്നു കളിയിൽ ദൽഹിയുടെ രണ്ടാം ജയമാണ് ഇത്.