ഹൈലൈറ്റ്സുസ്ഥിര ഭരണം കാഴ്ച വെച്ചുകൊണ്ട് രാജ്യ പുരോഗതിക്കൊപ്പം പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും വിദേശികളുൾപ്പെടെയുള്ളവർക്ക് പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ആഗോള മനുഷ്യരുടെ ജീവൽപ്രശ്‌നങ്ങൾക്ക് ആശ്വാസം പകർന്നുമുള്ളതാണ് തങ്ങളുടെ നയമെന്ന് സൗദി അറേബ്യ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.
വിദേശ, ആഭ്യന്തര കാര്യങ്ങളിൽ തങ്ങളുടെ നയം വ്യക്തമാക്കി സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ പ്രഖ്യാപനം ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. എട്ടാമത് ശൂറാ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു സമാധാനത്തിനും വികസനത്തിനും ഊന്നൽ നൽകിയുള്ള രാജാവിന്റെ പ്രഖ്യാപനം. ആയുധ പന്തയം വെടിഞ്ഞ് മാനവ രാശിയുടെ രക്ഷക്കും പുരോഗതിക്കുമായുള്ള വികസനം ലക്ഷ്യമിട്ട് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെ മാത്രമേ ലോകത്ത് സമാധാനം പുലരുകയുള്ളൂവെന്ന പ്രസ്താവന കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. നിരാശ്രയർക്ക് ആശ്രയമായി മനുഷ്യ നന്മ ലക്ഷ്യമിട്ട് ദൈവപ്രീതി കാംക്ഷിച്ചുള്ളതായിരിക്കണം ഏതു ഭരണാധികാരിയുടെയും പ്രവർത്തനമെന്നും താൻപോരിമക്കായുള്ള പോരാട്ടങ്ങൾ ആർക്കും ഗുണകരമല്ലെന്നും പരസ്പര സഹകരണമില്ലാതെ നിലനിൽപില്ലെന്നുമുള്ള സന്ദേശം പകരുന്നതിനും തന്റെ പ്രഖ്യാപനത്തിലൂടെ സൽമാൻ രാജാവിന് കഴിഞ്ഞു. പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് ഏതു രീതിയിലായിരിക്കണം ഒരു രാജ്യം പ്രവർത്തിക്കേണ്ടതെന്നും കാലാനുസൃതമായ വികസന കാഴ്ചപ്പാട് എങ്ങനെയായിരിക്കണമെന്നും അതോടൊപ്പം ലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറണമെന്നുമുള്ള സന്ദേശമായും നയപ്രഖ്യാപനത്തെ വിലയിരുത്താനാവും.
ആഗോള, വികസന, ഊർജ കാര്യങ്ങളിൽ ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങൾക്കു വഴങ്ങാതെ തങ്ങൾക്ക് തങ്ങളുടേതായ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അടിവരയിടുന്നതായിരുന്നു സൽമാൻ രാജാവിന്റെ ഓരോ വാക്കുകളും. അടുത്ത ഒരു ദാശാബ്ദക്കാലം സൗദിയിൽ വരാൻ പോകുന്നത് കൊടുങ്കാറ്റിന്റെ വേഗത്തിലുള്ള വികസനമായിരിക്കുമെന്നും രാജ്യത്തേക്ക് തീർഥാടകരായും സന്ദർശകരായും കോടിക്കണക്കിനു പേരായിരിക്കും എത്താൻ പോകുന്നതെന്നും സംശയലേശമെന്യേ നയം വ്യക്തമാക്കുന്നു. അതിനായുള്ള ഒരുക്കങ്ങൾ സൗദിയെ ലോകത്തെ ഒന്നാംകിട രാജ്യമാക്കി മാറ്റുമെന്നുറപ്പാണ്. സ്ത്രീ, പുരുഷ ഭേദമെന്യേ തങ്ങളുടെ മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടത്തുന്നതോടൊപ്പം ക്രിയാത്മക ശേഷിയുള്ള വിദേശികൾക്കും ഇടം നൽകിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും വരുംനാളുകളിൽ രാജ്യം സാക്ഷ്യം വഹിക്കുക.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ഊർജ പ്രതിസന്ധിയും പരിസ്ഥിതി ആഘാതവുമാണ്. ഇവക്കു രണ്ടിനുമുള്ള പോംവഴിയും നിർദേശിക്കുന്നുണ്ട്. ലോക സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമാണ് എണ്ണയെന്നത് കണക്കിലെടുത്ത് ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കും സന്തുലനത്തിനുമാണ് സൗദി പ്രവർത്തിക്കുന്നതെന്നും അതോടൊപ്പം രാജ്യത്തുള്ള മുഴുവൻ ഊർജ സ്രോതസ്സുകളും പ്രയോജനപ്പെടുത്തുമെന്നും വ്യക്തമാക്കുന്നതിലൂടെ എണ്ണ വെച്ചുള്ള വിലപേശലുകൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി വെല്ലുവിളികൾ നേരിടാൻ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതിനായി 2030 ഓടെ പ്രതിവർഷം 27.8 കോടി ടൺ തോതിൽ കാർബൺ ബഹിർഗമനം കുറക്കാനും വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകളാക്കി മാറ്റാനും സഹായിക്കുന്ന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഹരിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കായി 70,000 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തും. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷൻ 2030 പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സമഗ്രവും സുസ്ഥിരവുമായ വികസനങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിന് അവർക്കു നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വൈവിധ്യമാർന്ന ദേശീയ തന്ത്രങ്ങളും പരിപാടികളുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്വകാര്യ മേഖല പങ്കാളിത്തം വർധിപ്പിച്ച് സുപ്രധാന മേഖലകളിൽ പശ്ചാത്തല സൗകര്യ വികസനം ശക്തമാക്കുന്നതോടൊപ്പം പുതിയ മേഖലകൾ വികസിപ്പിക്കുകയും ബിസിനസ് അന്തരീക്ഷം സുഗമമാക്കുകയും ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം, ഊർജം, ടെലികോം, ഡിജിറ്റൽ തുടങ്ങി പശ്ചാത്തല സൗകര്യ വികസനത്തിന് പത്തു വർഷത്തിനുള്ളിൽ 20,000 കോടി റിയാലിന്റെ പദ്ധതികളാണ് നടപ്പാക്കുക. ഇതിനായാണ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്ഥാപിച്ചിരിക്കുന്നത്. വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം മൂന്നിരട്ടിയായി ഉയർത്തും. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 57,000 കോടിയിലേറെ റിയാലിന്റെ സംഭാവനയും പ്രതീക്ഷിക്കുന്നു. സാമ്പത്തിക നയങ്ങളിലൂടെ സൗദിക്ക് പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് സൗദിയിലേത്.
വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക മേഖലകളിലായി ആവിഷ്‌കരിച്ചിരിക്കുന്ന നിയോം സിറ്റി, ദി ലൈൻ, ചെങ്കടൽ പദ്ധതി, അൽഉല വികസനം, അൽദിർഇയ ഗെയ്റ്റ്, അൽഖിദിയ, അമാല പദ്ധതികളും ഏതാനും നഗരങ്ങളിലെ ഡൗൺടൗൺ പദ്ധതികളും സാംസ്‌കാരിക, വിനോദ നഗരികളും രാജ്യത്തിന്റെ ചരിത്ര, സാംസ്‌കാരിക, പൈതൃകത്തിന് മാറ്റു കൂട്ടുന്നതോടൊപ്പം വിനോദ സഞ്ചാര വ്യവസായത്തെ ശക്തിപ്പെടുത്തുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതുവഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതോടൊപ്പം സമഗ്രവും സുസ്ഥിരവുമായ അഭിവൃദ്ധിയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഏതൊരു രാജ്യത്തെയും അലട്ടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. എന്നാൽ അതിനു പരിഹാരം കണ്ടെത്തിയതോടെ തൊഴില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് ലക്ഷ്യം. രാജ്യ വികസനത്തിന്റെ കാര്യത്തിൽ മുഖ്യ ശത്രുവായ അഴിമതിക്കെതിരെ പ്രാദേശിക, ആഗോള തലത്തിൽ അതിശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ധന സുസ്ഥിരത പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 54,000 കോടിയിലേറെ റിയാലാണ് സർക്കാർ വകുപ്പുകൾക്ക് ലാഭിക്കാൻ സാധിച്ചത്.
ഇസ്‌ലാമിനെയും ലോക മുസ്‌ലിംകളെയും സേവിക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നയം വ്യക്തമാക്കുന്നു. കോവിഡ് നേരിടുന്നതിൽ കൈവരിച്ച നേട്ടത്തിന്റെ ഫലമായി പത്തു ലക്ഷം പേർക്ക് ഇക്കഴിഞ്ഞ ഹജ് നിർവഹിക്കാൻ അവസരമൊരുക്കിയെന്നു മാത്രമല്ല, എല്ലാ ഇനങ്ങളിലും പെട്ട വിസകളിൽ രാജ്യത്തെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും അനുമതി നൽകിയിരിക്കുകയാണ്. 2030 ഓടെ പ്രതിവർഷം മൂന്നു കോടി വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇരു ഹറമുകളിലെയും വികസന പ്രവർത്തനങ്ങൾ തുടരുകയും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുകയുമാണ്. പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങളെയും ദരിദ്ര രാജ്യങ്ങളെയും സഹായിക്കുന്നതിൽ സൗദി എന്നും മുൻപന്തിയിലാണ്. അറബ്, ഇസ്‌ലാമിക ലോകത്ത് ഏറ്റവുമധികം ജീവകാരുണ്യ, വികസന സഹായങ്ങൾ നൽകുന്ന രാജ്യവും ആഗോള തലത്തിൽ ഏറ്റവുമധികം സഹായം നൽകുന്ന മൂന്നാമത്തെ രാജ്യവുമാണ് സൗദി. ലോകത്ത് പട്ടിണി നിർമാർജനം ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷ, കാർഷിക മേഖലയിൽ സൗദി അറേബ്യ 289 കോടി ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ മേഖല രാജ്യങ്ങളുമായി ഏകോപനം നടത്തി ആയിരം കോടി ഡോളർ നീക്കിവെച്ചിട്ടുണ്ടെന്നതും സൗദിയുടെ മനുഷ്യരോടുള്ള കടപ്പാട് വ്യക്തമാക്കുന്നതാണ്.
സുസ്ഥിര ഭരണം കാഴ്ച വെച്ചുകൊണ്ട് രാജ്യ പുരോഗതിക്കൊപ്പം പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും വിദേശികളുൾപ്പെടെയുള്ളവർക്ക് പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ആഗോള മനുഷ്യരുടെ ജീവൽപ്രശ്‌നങ്ങൾക്ക് ആശ്വാസം പകർന്നുമുള്ളതാണ് തങ്ങളുടെ നയമെന്ന് സൗദി അറേബ്യ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.