Sorry, you need to enable JavaScript to visit this website.

ഇറാനുമായുള്ള ബന്ധം വിഛേദിക്കൽ: മൊറോക്കോക്ക് സൗദി പിന്തുണ

റിയാദ്- ഇറാനുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച മൊറോക്കോക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സുരക്ഷക്കും ഭദ്രതക്കും അഖണ്ഡതക്കും നേരിടുന്ന ഭീഷണികൾ ചെറുക്കുന്നതിന് മൊറോക്കോക്ക് ഒപ്പം നിലയുറപ്പിക്കുമെന്ന് സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഭീകര സംഘടനയായ ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തി മൊറോക്കോയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. മൊറോക്കോയിലെ സുരക്ഷാ ഭദ്രത തകർക്കുന്നതിന് പോളിസാരിയോ ഫ്രന്റ് പ്രവർത്തകർക്ക് ഹിസ്ബുല്ല പരിശീലനം നൽകുകയാണ്. ഇറാനുമായുള്ള ബന്ധം വിഛേദിക്കുന്നതിനുള്ള തീരുമാനം അടക്കം രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും ഉറപ്പു വരുത്തുന്നതിന് മൊറോക്കൊ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കുമൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുമെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പശ്ചിമ സഹാറയിൽ മൊറോക്കൊ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന ഗ്രൂപ്പ് ആണ് പോളിസാരിയോ ഫ്രന്റ്. 
അതേസമയം, വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടും ഭീകരതക്ക് പിന്തുണ നൽകിയും അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ സുരക്ഷാ ഭദ്രതയും സമാധാനവും തകർക്കുന്നതിനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. മൊറോക്കോയിൽ പോളിസാരിയോ ഫ്രന്റ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന് ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തുന്ന ഇറാന്റെ ചെയ്തി ഇതിന് ഏറ്റവും നല്ല തെളിവാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം മൊറോക്കൊ വിഛേദിച്ചത്. മൊറോക്കോയിലെ ഇറാൻ അംബാസഡറോട് രാജ്യം വിടുന്നതിന് ഉത്തരവിട്ട മൊറോക്കൊ തെഹ്‌റാനിലെ മൊറോക്കൊ എംബസി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരെ മൊറോക്കൊ സ്വീകരിച്ച നടപടികൾക്ക് യു.എ.ഇയും ബഹ്‌റൈനും പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

Latest News