തിരുവനന്തപുരം- കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികള്‍ക്കുമെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതി, കോവളത്ത് വെച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു.
തിരുവനന്തപുരം കോടതിയില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാതിക്കാരി ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിധി പറയും. എല്‍ദോസിന്റെ ഫോണുകള്‍ പിടിച്ചെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ നിലവില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കീഴടങ്ങേണ്ടി വരും. ഹൈക്കോടതിയെയും സമീപിക്കാം. എവിടെയാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത പൊലീസ് എല്‍ദോസിനായി തിരച്ചില്‍ തുടരുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ എല്‍ദോസ് കീഴടങ്ങുമോ ഒളിവില്‍ തുടരുമോ എന്ന് കണ്ടറിയണം.