Sorry, you need to enable JavaScript to visit this website.

തേനീച്ച കുത്തി മരിച്ചവരുടെ  ആശ്രിതര്‍ക്കും 10 ലക്ഷം രൂപ 

തിരുവനന്തപുരം- കേരളത്തില്‍  തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ഇനി 10 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിന് സമാനമായ നഷ്ടപരിഹാരം അവര്‍ക്കും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നല്‍കുക. പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.
1980ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ച, കടന്നല്‍ എന്നിയെക്കൂടി ഉള്‍പ്പെടുത്തി. കേന്ദ്രനിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ചയും കടന്നലും ഉള്‍പ്പെടുന്നില്ല. അതിനാല്‍ തേനീച്ചയെ വളര്‍ത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമതടസ്സമില്ല.
വനത്തിനുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്താണെങ്കില്‍ രണ്ടുലക്ഷവുമാണ് നിലവില്‍ നഷ്ടപരിഹാരം. വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വനംവകുപ്പ് ശുപാര്‍ശചെയ്തിട്ടുണ്ട്.
വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടുലക്ഷമാണ് നിലവിലുള്ള നഷ്ടപരിഹാരം. കന്നുകാലികള്‍, കൃഷി, വീട്, കുടിലുകള്‍ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടം കണക്കാക്കി പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കാറുണ്ട്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നയാള്‍ വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റവാളിയാണെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല.
 

Latest News