കൊല്ലം- കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എം.ഡി.എം.എ കേസിലെ പ്രതിയെ കാണാനെത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് പോലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജമെന്ന് കണ്ടെത്തി. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പോലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
മഫ്തിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. തന്നെയും സഹോദരനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി കൊറ്റങ്കര സ്വദേശി വിഘ്‌നേഷ് പറഞ്ഞു.
ഓഗസ്റ്റ് 25ന് പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശികളായ വിഷ്ണുവും വിഘ്‌നേഷും ചേര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്‌റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠന്‍ പ്രതികളെ ജാമ്യത്തില്‍ ഇറക്കാന്‍ വിഘ്‌നേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എ കേസില്‍ ജാമ്യം നില്‍ക്കാന്‍ കഴിയില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു. വിഘ്‌നേഷിനെ അന്വേഷിച്ച് വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക് സ്‌റ്റേഷനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു. തുടര്‍ന്ന് മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രനുമായി തര്‍ക്കമുണ്ടായി. പ്രകാശ് ചന്ദ്രന്‍ തങ്ങളെ സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചതായി യുവാക്കള്‍ പറഞ്ഞു.
എം.ഡി.എം.എ കേസിലെ പ്രതികളുമായി ബന്ധിപ്പിച്ച് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയും ചെയ്തു. ആക്രമണവും കള്ളക്കേസും രണ്ട് യുവാക്കളുടെയും ജീവിതം നശിപ്പിച്ചു. സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ കായികക്ഷമത പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിഘ്‌നേഷിന് ശരീരവേദന കാരണം ഇപ്പോഴും നേരെ നടക്കാന്‍ കഴിയുന്നില്ല.