Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമിൽ പോലീസ് പിടിയിലായ മലയാളി ബാലൻ നാട്ടിലേക്ക് മടങ്ങി

ജിദ്ദ- മസ്ജിദുൽ ഹറാമിൽ ത്വവാഫിനിടെ പോക്കറ്റടി നടത്തിയെന്ന തെറ്റിദ്ധാരണയുടെ പേരിൽ പോലീസ് പിടിയിലായ മലയാളി ബാലൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിൽ ജയിൽ മോചിതനായി നാട്ടിലേക്കു മടങ്ങി. മലപ്പുറം തിരൂര്‍ സ്വദേശിയുടെ മകനാണ് കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ ബാലൻ ത്വവാഫിനിടെ ഒരു തീർഥാടകന്റെ പോക്കറ്റടിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ചതാണ് വിനയായത്. യഥാർഥ പോക്കറ്റടിക്കാരൻ തിരക്കിനിടെ മുങ്ങിയതോടെ ബാലനെ സംശയത്തിന്റെ പേരിൽ പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവരം അറിഞ്ഞയുടൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിനും ബാലൻ എവിടെയാണെന്ന് കണ്ടെത്തുന്നതിനും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ തായിഫിലെ ജുവനൈൽ സെന്ററിലാണ് ഹാദി കഴിയുന്നതെന്നറിഞ്ഞു. പിന്നീട് വിദേശ മന്ത്രാലയവുമായും കോടതിയുമായും ബന്ധപ്പെട്ട് അഭ്യർഥന നടത്തുകയും കുട്ടിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട് വിട്ടയക്കുകയുമായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ മക്ക ഓഫീസിലെ ഉദ്യോഗസ്ഥനായ എ.ബി അബ്ബാസാണ് തായിഫിലെത്തി കുട്ടിയുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂത്തീകരിച്ചത്. ബാലൻ പിടിയിലായതോടെ പ്രയാസത്തിലായ കുടുംബത്തിന് കോൺസുലേറ്റിന്റെ ഇടപെടൽ ഏറെ ആശ്വാസം പകർന്നു. മോചിതനായ ബാലനും കുടുംബവും കഴിഞ്ഞ ദിവസം ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങി. 
ഹറമിൽ വീണു കിടക്കുന്ന സാധനങ്ങൾ എടുക്കുകയോ മറ്റുള്ളവരുടേതായ വസ്തുക്കൾ കൈവശപ്പെടുത്തുകയോ ചെയ്താൽ ഉടൻ പോലീസ് വലയിലാകും. നിലത്തു കിടന്ന മൊബൈൽ ഫോൺ എടുത്തതിന്റെ പേരിൽ ഒരു മലയാളിക്ക് മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഉംറ തീർഥാടകർ സൂക്ഷ്മത പുലർത്തിയാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാം.

Latest News